മലപ്പുറത്ത് 7,000 സീറ്റിന്റെ കുറവ് മാത്രമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ പ്രവേശനത്തിന് ഏഴായിരം സീറ്റിന്റെ കുറവ് മാത്രമേയുള്ളൂവെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സപ്ലിമെൻററി അലോട്ട്മെൻറിനായി ജില്ലയിൽ 16,881 പേർ അപേക്ഷ സമർപ്പിച്ചതിന്റെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെയാണ് ജില്ലയിൽ 7000 സീറ്റിന്റെ കുറവേയുള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
ഹയർ സെക്കൻഡറി പ്രവേശന പോർട്ടലിൽ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കിലാണ് മലപ്പുറത്ത് ഇത്രയും അപേക്ഷകർക്ക് സീറ്റ് ആവശ്യമുണ്ടെന്ന് വ്യക്തമായത്. ഇതിന് പുറമെ പാലക്കാട്, കോഴിക്കോട് ജില്ലകളിലും സീറ്റിന്റെ കുറവുണ്ട്.
മലപ്പുറത്ത് 7000 സീറ്റുകൾ മാത്രമേ കുറവുള്ളൂവെന്നും 16,000 സീറ്റ് കുറവുണ്ടെന്നത് മാധ്യമങ്ങളുടെ കണക്കാണെന്നും മന്ത്രി പറഞ്ഞു.
അതിനപ്പുറമുള്ള കണക്ക് തന്റെ കൈയിലില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യം പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. അധിക ബാച്ച് വിഷയത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ ജില്ലയിൽ ആവശ്യത്തിന് സീറ്റുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം.
സീറ്റ് ക്ഷാമത്തിന്റെ കണക്ക് വിദ്യാർഥി സംഘടനകളും മാധ്യമങ്ങളും പുറത്തുവിട്ടതോടെയാണ് സീറ്റ് കുറവുണ്ടെന്ന് മന്ത്രി സമ്മതിച്ചത്.
എന്നാൽ 7000 സീറ്റിന്റെ കുറവാണെന്നായിരുന്നു മന്ത്രിയുടെ വാദം. ജില്ലയിൽ ഒഴിവുള്ള മുഴുവൻ സീറ്റുകൾ കൂടി പരിഗണിച്ചാലും 10,000 സീറ്റിന്റെ കുറവാണുള്ളത്. സീറ്റ് ക്ഷാമം ബോധ്യപ്പെട്ട വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗസമിതി നൂറിലധികം താൽക്കാലിക ബാച്ചുകൾ അനുവദിക്കണമെന്ന് ശിപാർശ സമർപ്പിച്ചിട്ടുണ്ട്.
ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയ കോമ്പിനേഷനുകളിൽ ബാച്ച് അനുവദിക്കാനാണ് ശിപാർശ. ശിപാർശ സർക്കാർ അംഗീകരിച്ചാൽ താൽക്കാലിക ബാച്ച് അനുവദിക്കുന്നതിൽ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.