സംസ്ഥാനത്തെ 20,000 വീടുകൾ ഒഴിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കടൽത്തീരത്തുനിന്ന് 50 മീറ്റർ ദൂരപരിധിയിൽ സ്ഥിതിചെയ്യുന്ന 20,000 വീടുകൾ ഒഴിപ്പിച്ച് കടലാക്രമണം തടയാൻ ജൈവ കവചമൊരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. കേരള പത്രപ്രവർത്തക യൂനിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഴിപ്പിക്കുന്ന കുടുംബങ്ങൾക്ക് പുനർേഗഹം പദ്ധതിയിലൂടെ വീടുകൾ നൽകും. ആദ്യഘട്ടത്തിൽ 3000 വീടുകളും ഫ്ലാറ്റുകളുമാണ് നിർമിക്കുന്നത്. ഏറ്റെടുക്കുന്ന 50 മീറ്റർ സ്ഥലത്ത് കണ്ടൽകാടുകളും മരങ്ങളും വെച്ചുപിടിപ്പിച്ച് ജൈവ കവചമൊരുക്കും. കടലോരത്തെ ഒരു ഗ്രാമം ഏറ്റെടുത്ത് സമഗ്രമായ വികസനപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ആദ്യ പദ്ധതി ചെല്ലാനത്താണ് നടപ്പാക്കുന്നത്. ഇത് വിജയിച്ചാൽ 14 ജില്ലയിലും ഒാരോ ഗ്രാമങ്ങൾ അടുത്തവർഷം ഏറ്റെടുക്കും.
സംസ്ഥാനത്തെ 57 കിലോമീറ്റർ കടലോരത്ത് രൂക്ഷമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. പൊഴിയൂർ, ശംഖുംമുഖം, ചെല്ലാനം ഉൾപ്പെടെ പ്രദേശങ്ങൾ ഇതിലുണ്ട്. ചെല്ലാനത്ത് കടൽഭിത്തി വിജയമാകാത്ത സാഹചര്യത്തിൽ ടെട്രാപാഡ് ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനത്തിന് ടെൻഡർ പൂർത്തിയാക്കി. വിഴിഞ്ഞം മുതൽ ശംഖുംമുഖംവരെ കടലിൽ ഏഴ് കിലോമീറ്റർ ജിയോ ട്യൂബ് സ്ഥാപിച്ച് കടലാക്രമണം ചെറുക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചു. ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്തെ ഉപയോഗശൂന്യമായി കിടക്കുന്ന 56,000 ഹെക്ടർ വെള്ളക്കെട്ട് ഉപയോഗിക്കും. 14 ജില്ലയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സീ ഫുഡ് റസ്റ്റോറൻറുകൾ ആരംഭിക്കും. ആദ്യത്തേത് കൊല്ലത്താണ്. ഒാൺലൈൻ മത്സ്യവിപണനത്തിനുള്ള സംവിധാനവും കൊണ്ടുവരും.
രാസപദാർഥങ്ങൾ കലർത്തിയ മീൻ കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻറർ സംവിധാനം കൊണ്ടുവരും. കെ.എസ്.ആർ.ടി.സി ബസുകൾ ഏറ്റെടുത്ത് മത്സ്യവിപണനം നടത്തുന്ന സ്ത്രീകൾക്ക് യാത്രക്ക് സൗകര്യമൊരുക്കും. ആദ്യഘട്ടമായി തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ മൂന്ന് ബസുകൾ ഇതിനായി സംവിധാനിക്കും. സ്ത്രീ തൊഴിലാളികൾക്ക് സ്വയം ചുമടിറക്കാനും കയറ്റാനും കഴിയുന്നരൂപത്തിൽ രൂപമാറ്റം വരുത്തുന്ന ബസിൽ സൗജന്യമായി യാത്ര ചെയ്യാനാകും. ബസിനുള്ള വാടക ഫിഷറീസ് വകുപ്പ് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.