വിവാദത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ
text_fieldsആലപ്പുഴ: കേരളത്തിൽ എസ്.എസ്.എൽ.സി പാസ്സായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന വിവാദ പരാമർശത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. 2016 മുതൽ പിണറായി സർക്കാർ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടുവർഷമായി പൊതുവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമുണ്ടാക്കി. പൂട്ടാൻ പോയ സ്കൂളുകൾ ഓരോന്നായി കുട്ടികളുടെ എണ്ണം വർധിപ്പിച്ച് മികച്ച നിലയിലേക്ക് മാറ്റിയെന്നതാണ് എട്ടുവർഷത്തെ കേരളത്തിന്റെ വിദ്യാഭ്യാസനേട്ടം. 11 ലക്ഷം കുട്ടികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരികെ വന്നുവെന്നത് ശ്രദ്ധേയമാണെന്നും സജി ചെറിയാൻ പറഞ്ഞു. അമ്പലപ്പുഴയിൽ മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് 'മികവ് 2024'ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി പറഞ്ഞതുപോലെ വിദ്യാഭ്യാസം എഴുതാനും വായിക്കാനും മാത്രമുള്ള യോഗ്യതയായി കരുതേണ്ട. അത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്താണ്. ഒരു മനുഷ്യൻ നേടുന്ന വിദ്യാഭ്യാസം പരീക്ഷയെഴുതാൻ മാത്രം ഉപയോഗപ്പെടുത്തുന്നുവെങ്കിലും, ജീവിതമാകുന്ന പരീക്ഷയിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്താണ് വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പത്താം ക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്നായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസ്താവന. പണ്ടൊക്കെ എസ്.എസ്.എൽ.സിക്ക് 210 മാർക്ക് വാങ്ങാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഓൾപാസാണ്.
എസ്.എസ്.എസ്.സിക്ക് 99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടില്ല. ആരെങ്കിലും തോറ്റുപോയാൽ അത് സർക്കാറിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന് സർക്കാർ ഓഫിസുകളിലേക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, സജി ചെറിയാന്‍റെ അഭിപ്രായത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തള്ളിയിരുന്നു. പത്താം ക്ലാസ് പാസായ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് സർക്കാറിന്‍റെ അഭിപ്രായമല്ലെന്നാണ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. നന്നായി പഠിച്ച് പരീക്ഷ എഴുതിയാണ് വിദ്യാർഥികൾ വിജയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.