പറഞ്ഞത് വിഴുങ്ങി മന്ത്രി സജി ചെറിയാൻ; ‘പത്താം ക്ലാസ് പാസായ ചിലർക്കാണ് എഴുതാനും വായിക്കാനും അറിയാത്തത്’
text_fieldsതിരുവനന്തപുരം: കേരളത്തിലെ പത്താം ക്ലാസ് പാസായ കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമർശം വിഴുങ്ങി മന്ത്രി സജി ചെറിയാൻ. പത്താം ക്ലാസ് പാസായ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നാണ് താൻ പറഞ്ഞതെന്ന് സജി ചെറിയാൻ നിയമസഭയിൽ വിശദീകരിച്ചു.
വീടിനടുത്തുള്ള ഒരു കുട്ടി എഴുതി നൽകിയ അപേക്ഷയിൽ അക്ഷരത്തെറ്റ് കണ്ടതാണ് അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. അത് കേരളത്തിൽ മൊത്തത്തിൽ പ്രശ്നമാക്കേണ്ട കാര്യമില്ല. ഇത് ജാനാധിപത്യ രാജ്യമല്ലേ എന്നും ചർച്ച നടക്കട്ടെ എന്നും സജി ചെറിയാൻ വ്യക്തമാക്കി. കൂടാതെ, തെറ്റായി അപേക്ഷ നൽകിയ അയൽവാസിയായ കുട്ടിയുടെ പേരും സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.
പത്താം ക്ലാസ് പാസായ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന നയം സർക്കാറിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും നിയമസഭയിൽ വ്യക്തമാക്കിയത്. പ്രസംഗത്തിന്‍റെ ഒഴുക്കിന് വേണ്ടിയാണ് സജി ചെറിയാൻ പറഞ്ഞത്. അത് ഗൗരവമായി എടുക്കേണ്ട. നന്നായി പഠിച്ച് പരീക്ഷ എഴുതിയാണ് വിദ്യാർഥികൾ വിജയിക്കുന്നത്. അത്തരത്തിൽ വിജയിച്ച കുട്ടികൾക്ക് പ്ലസ് വണിന് അഡ്മിഷൻ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അക്യുധാം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്ന അക്യുപങ്ചർ കോൺവൊക്കേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യവെയാണ് കേരളത്തിൽ പത്താം ക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. പണ്ടൊക്കെ എസ്.എസ്.എൽ.സിക്ക് 210 മാർക്ക് വാങ്ങാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഓൾപാസാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എസ്.സിക്ക് 99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടില്ല. ആരെങ്കിലും തോറ്റുപോയാൽ അത് സർക്കാറിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന് സർക്കാർ ഓഫിസുകളിലേക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ല കാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.