ബഫർ സോണിൽ പാർട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി; തിരുത്തുമായി മന്ത്രി സജി ചെറിയാൻ
text_fieldsകെ റെയിൽ ബഫർ സോണുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാൻ. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണ് ശരിയെന്നും തനിക്ക് തെറ്റ് പറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിന് ഒരു മീറ്റർ പോലും ബഫർ സോണില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. താൻ പദ്ധതി വ്യക്തമായി പഠിച്ചിട്ടാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, കെ റെയിൽ എം.ഡി വി അജിത് കുമാർ തന്റെ വാർത്താ സമ്മേളനത്തിൽ മന്ത്രിയുടെ വാദം തള്ളുകയും ചെയ്തു. ഇരു ഭാഗത്തും അഞ്ചു മീറ്റർ വീതം ബഫർ സോണുണ്ടെന്നായിരുന്നു എം.ഡിയുടെ വിശദീകരണം. പദ്ധതിയുടെ വിശദമായ റിപ്പോർട്ടിലും ഇരുഭാഗങ്ങളിലും ബഫർ സോണുണ്ടാകുമെന്നും അവിടെ നിർമാണ നിയന്ത്രണങ്ങളുണ്ടാകുമെന്നും പറയുന്നുണ്ട്.
മന്ത്രിയുടെയും കെ റെയിൽ എം.ഡിയുടെയും പ്രസ്താവനകൾ പരസ്പര വിരുദ്ധമായത് വലിയ വിവാദത്തിന് കാരണമായിരുന്നു. അതേതുടർന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ഇന്ന് തിരുത്തുമായി രംഗത്തെത്തി. മന്ത്രി പറഞ്ഞത് തെറ്റാണെന്നും കെ റെയിൽ എം.ഡി പറഞ്ഞതാണ് ശരിയെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം.
കോടിയേരിയുടെ വിശദീകരണം ശരിവെച്ചുകൊണ്ടാണ് ഇപ്പോൾ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യർക്ക് തെറ്റ് പറ്റാമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.