സ്ത്രീകൾക്കെതിരായ ഏതൊരു നീക്കത്തെയും എതിർക്കുന്നയാളാണ് ഞാൻ, ഇന്നലത്തെ പ്രസ്താവന വളച്ചൊടിച്ചു -മന്ത്രി സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: സ്ത്രീകൾക്കെതിരായ ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുന്നയാളാണ് താനെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്നലത്തെ തന്‍റെ പ്രസ്താവന ചില മാധ്യമങ്ങൾ വളച്ചൊടിച്ചു. സംവിധായകൻ രഞ്ജിത്ത് രാജിവെക്കുകയാണെന്ന് ഇങ്ങോട്ട് അറിയിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
'രാജിവെക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെടാതെതന്നെ രഞ്ജിത്ത് രാജിവെക്കുകയാണെന്ന് ഇങ്ങോട്ട് പറഞ്ഞു. ഉടൻ രാജിക്കത്ത് അയക്കുമെന്നും പറഞ്ഞു. ഇന്നലെ ഞാൻ പറയാത്ത കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ച് നൽകി. ഒരു പരാതി ലഭിച്ചാൽ അത് പരിശോധിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ, രഞ്ജിത്തിനെ സംരക്ഷിക്കാൻ സാംസ്കാരിക മന്ത്രി എന്ന് എഴുതിക്കാണിച്ചു. ഇതിന്‍റെ ചുവടുപിടിച്ച്, സ്ത്രീവിരുദ്ധനാണ് സാംസ്കാരിക മന്ത്രി എന്ന നിലയിലാണ് പിന്നീട് ചർച്ചകൾ നടന്നത്. ഇത് വല്ലാതെ വേദനിപ്പിച്ചു.
എനിക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്. ഭാര്യയും അമ്മയും ഉൾപ്പെടെ അഞ്ച് സ്ത്രീകളാണ് എന്‍റെ വീട്ടിലുള്ളത്. സ്ത്രീകൾക്കെതിരായ ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന നിലപാട് സ്വീകരിക്കുന്ന ഒരാളാണ് ഞാൻ. ഇന്നലെ രാത്രിയിലെ ചർച്ചകളിൽ വളരെ ആക്ഷേപകരമായാണ് എനിക്കെതിരെ പരാമർശങ്ങളുണ്ടായത്, ഞാൻ പറയാത്ത കാര്യങ്ങളിൽ.
ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല. സർക്കാർ ഇരയോടൊപ്പമാണ്. ആരെയും സംരക്ഷിക്കാനില്ല. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കർശനമായ നടപടി പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കും. അത് കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, ഞങ്ങൾ പറയുന്നതല്ല നിങ്ങൾ വ്യാഖ്യാനിക്കുന്നത്' -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.