പീഡനപരാതി ഒതുക്കിതീർക്കാൻ ശ്രമിച്ച കേസിൽ മന്ത്രി ശശീന്ദ്രന് ക്ലീൻ ചിറ്റ്; കേസെടുക്കെണ്ടെന്ന് നിയമോപദേശം
text_fieldsകുണ്ടറ: കുണ്ടറ സ്വദേശിയായ യുവതിയെ എൻ.സി.പി നേതാവ് അപമാനിച്ചെന്ന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം. ജില്ല ഗവ. പ്ലീഡർ ആർ. സേതുനാഥാണ് ശാസ്താംകോട്ട ഡിവൈ.എസ്.പിക്ക് നിയമോപദേശം നൽകിയത്.
കഴിഞ്ഞ മാസം 20നാണ് എൻ.സി.പി നേതാവിനെതിരെ പരാതി നൽകിയ കുണ്ടറ സ്വദേശിനിയുടെ പിതാവുമായി മന്ത്രി സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നത്. ഇതോടെ മന്ത്രിക്കെതിരെ നിയമസഭക്കകത്തും പുറത്തും പ്രതിഷേധം ശക്തമായി. മന്ത്രി കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. എന്നാൽ, മന്ത്രി പരാതി നല്ല നിലയിൽ തീർക്കണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും അതിനാൽ കേസെടുക്കേണ്ടതില്ലെന്നുമാണ് നിയമോപദേശം.
എൻ.സി.പി നേതാവ് പത്മാകരന് അപമാനിച്ചെന്ന് കാണിച്ച് പാര്‍ട്ടി പ്രവര്‍ത്തക നല്കിയ പരാതിയിൽ അവരുടെ പിതാവുമായി നടത്തിയ സംഭാഷണത്തില്‍ പ്രശ്നം 'നല്ല നിലയില്‍ പരിഹരിക്കണ'മെന്നാണ് മന്ത്രി പറഞ്ഞത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പ്രഫ.എ.എ. വാര്യര്‍, പ്രഫ. ഇ.പി. നാരായണന് ഭട്ടതിരി, കെ. രാധാകൃഷ്ണവാര്യര്‍ എന്നിവര്‍ തയാറാക്കിയ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവില്‍ 'നല്ല നിലയിൽ' എന്ന വാക്കിന് നല്ലവണ്ണം, ശരിയായിട്ട്, വേണ്ടതുപോലെ എന്നാണ് കാണുന്നത്. പരിഹരിക്കുകയെന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് വരുത്തുക എന്നാണർഥം.
ഈ ശബ്ദ സംഭാഷണത്തില്‍ അതൊരു പ്രയാസവുമില്ലാത്ത നിലയില്‍ പരിഹരിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ഇരയുടെ പേരോ ഇരക്കെതിരായോ യാതൊരുവിധ പരാമര്‍ശവും സംഭാഷണത്തിലില്ല. ഈ സംഭാഷണത്തിലെവിടെയും നിര്‍ബന്ധപൂർവം ഏതെങ്കിലും കേസുകള്‍ പിന്‍വലിക്കണമെന്നോ ഭീഷണിയുടെ രൂപത്തിലുള്ള ഏതെങ്കിലും പദപ്രയോഗമോ ഉപയോഗിച്ചിട്ടുള്ളതായോ കാണുന്നില്ല. അതിനാല്‍, ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഏതെങ്കിലും കുറ്റകൃത്യം നിലനില്‍ക്കില്ലയെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.
കഴിഞ്ഞ മാർച്ച് ആറിന് കുണ്ടറയിലൂടെ നടന്നുപോകുമ്പോൾ എൻ.സി.പി നേതാവ് ഹോട്ടലിലേക്ക് വിളിച്ച് കൈയിൽ കയറിപ്പിടിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ജൂൺ 28നാണ് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.