മലയിൽ അതിക്രമിച്ച് കടക്കുന്നവർക്ക് ഇളവില്ലെന്ന് മന്ത്രി ശശീന്ദ്രൻ
text_fieldsചെറാട് സ്വദേശി ആർ.ബാബു കുടുങ്ങിയ പാലക്കാട് മലമ്പുഴ കൂർമ്പാച്ചി മലയിൽ അനധികൃതമായുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ബാബു നിയമ ലംഘനമാണ് നടത്തിയതെങ്കിലും തൽകാലം ഉപദ്രവിക്കേണ്ടതില്ല എന്നു തീരുമാനിച്ചു. ഇത് മറയാക്കി കൂടുതൽ ആളുകൾ എത്തുന്നു. ഇനി ആർക്കും ഇളവ് കിട്ടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കൂർമ്പാച്ചി മലയിൽ കയറിയ മലമ്പുഴ ആനക്കൽ സ്വദേശി രാധാകൃഷ്ണനെ അർധരാത്രിയോടെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള രാധാകൃഷ്ണൻ മാനസിക അസ്വസ്ഥതകൾ ഉള്ളയാളാണെന്നും വിവരങ്ങൾ പുറത്തു വന്നിരുന്നു.
മേഖലയിൽ വീണ്ടും യുവാവ് എത്തിയ സംഭവത്തിൽ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ആദിവാസികൾക്ക് ഏതെങ്കിലും തരത്തിൽ ഇളവുണ്ടോ എന്ന് പരിശോധിക്കും. പ്രദേശത്ത് കൂടുതൽ പരിശോധന ഏർപ്പെടുത്തും. ജനകീയ പ്രതിരോധ സേനയേയും ആർ.ആർ.ടിയേയും ഉപയോഗിക്കും. ഇവിടെ സ്വീകരിക്കേണ്ട നടപടിയെ പറ്റി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.