വിഴിഞ്ഞം: നിർമാണ പ്രവൃത്തി 70 ശതമാനം തീർന്നെന്ന് മന്ത്രി; ആദ്യ കപ്പൽ സെപ്റ്റംബറിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ആകെയുള്ള നിർമാണ പ്രവൃത്തികളുടെ 70 ശതമാനവും പൂർത്തിയായതായി മന്ത്രി അഹമദ് ദേവർകോവലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിലയിരുത്തൽ. ശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രവർത്തന കലണ്ടറിനും യോഗം രൂപം നൽകി. നിർമാണം പുനരാരംഭിച്ച വിഴിഞ്ഞത്ത് അടുത്ത സെപ്റ്റംബർ അവസാനത്തോടെ ആദ്യ കപ്പൽ അടുപ്പിക്കുമെന്ന് യോഗ ശേഷം മന്ത്രി പറഞ്ഞു.
2024 ലാണ് തുറമുഖത്തിന്റെ കമീഷനിങ് നിശ്ചയിച്ചിട്ടുള്ളത്. കമീഷൻ ചെയ്യുക എന്നതിനെക്കാൾ ആദ്യ കപ്പൽ എത്തിക്കുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം. ബ്രേക്ക് വാട്ടർ, ബാർജ് എന്നിവയുടെ പ്രവൃത്തി ഇപ്പോൾ നന്നായി പോകുന്നുണ്ട്. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെപ്പിടിക്കാൻ ശ്രമിക്കും. കല്ല് നിക്ഷേപിക്കാൻ പുതിയ ലൈൻ ഓഫ് പൊസിഷൻ (എൽ.ഒ.പി) നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് 60 കോടി രൂപയാണ് ചെലവ്. എൽ.ഒ.പിയുടെ പ്രവൃത്തി ജനുവരിയിൽ പൂർത്തിയാകും. ഇതോടെ, പ്രതിദിനം നിലവിൽ നിക്ഷേപിക്കുന്ന 15,000 ടൺ കല്ല് എന്നത് 30,000 ടണ്ണാക്കി ഉയർത്താനാകും. തുറമുഖ നിർമാണ പ്രവൃത്തിയിൽ പാറക്കല്ലുകളുടെ സംഭരണം വേണ്ടത്രയുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
പ്രതിദിനം 7000 ടൺ പുതുതായി സംഭരിക്കുന്നുണ്ട്. 400 മീറ്റർ നീളമുള്ള ബർത്ത് ഓണത്തോടനുബന്ധിച്ച് പൂർത്തിയാക്കും. 12 ബാർജുകളും ആറ് ടഗ്ഗുകളും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇനി കാലവിളംബമുണ്ടാകില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സംസ്ഥാന സർക്കാർ. പ്രവർത്തനങ്ങൾ സ്തംഭിച്ചതിനെ തുടർന്ന് മാനസികാഘാതത്തിൽനിന്ന് അൽപം മുക്തിനേടിയ ശേഷമാണ് അവലോകന യോഗം ചേർന്നതെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും അദാനി ഗ്രൂപ് ഉദ്യോഗസ്ഥരുമാണ് ഉന്നതതല യോഗത്തിൽ പങ്കെടുത്തത്. നിരീക്ഷണ കമ്മിറ്റി യോഗം എല്ലാ മാസവും അവസാന ബുധനാഴ്ച ചേർന്ന് പ്രവൃത്തി അവലോകനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രവർത്തന കലണ്ടർ
- പോർട്ട് സബ് സ്റ്റേഷൻ- 2023 ജനുവരി
- ഗേറ്റ് കോംപ്ലക്സ്-2023 മാർച്ച്
- വർക്ക്ഷോപ് ബിൽഡിങ്- 2023 ഏപ്രിൽ
- എക്യുപ്മെന്റ് ഷിപ്- 2023 മേയ്
- റീഫർ സംവിധാനം- 2023 ആഗസ്റ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.