
വിദേശ സഞ്ചാരിയുടെ മദ്യം പൊലീസ് ഒഴിപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് മന്ത്രി; മുഖ്യമന്ത്രി റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: ബിവറേജസിൽനിന്ന് മദ്യം വാങ്ങി കോവളത്തെ താമസസ്ഥലത്തേക്ക് പോയ വിദേശിയോട് പൊലീസ് മദ്യം ഒഴിച്ച് കളയാൻ ആവശ്യപ്പെട്ടത് ദൗർഭാഗ്യകരമായി പോയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുതുവത്സരത്തിൽ പരസ്യമായ മദ്യപാനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് നടത്തുന്ന വാഹന പരിശോധനക്കിടെയാണ് കേരളത്തിലെത്തിയ വിനോദ സഞ്ചാരി സ്റ്റിഗ് സ്റ്റീഫൻ ആസ്ബെർഗിനോട് മോശമായി പെരുമാറിയത്.
സർക്കാറിന്‍റെ ഒരു നയത്തിന് വിരുദ്ധമായിട്ടാണോ ഇത് നടന്നതെന്ന് പരിശോധിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു. സംഭവം ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. സർക്കാറിന് ഒപ്പംനിന്ന് സർക്കാറിനെ അള്ളുവെക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടി എടുക്കണം.
കോവിഡ് കാരണം ടൂറിസം രംഗത്ത് വലിയ നഷ്ടമാണ് ഉണ്ടായത്. വിദേശ സഞ്ചാരികളുടെ വരവ് ഇല്ലാതായി. എന്നാൽ, കോവിഡ് കാലത്ത് പോലും ടൂറിസം പ്രോത്സാഹത്തിനായി കഠിനമായ ശ്രമമാണ് കേരള ടൂറിസം വകുപ്പ് സ്വീകരിച്ചത്.
കേരളത്തിന്‍റെ ടൂറിസം ഇനിയും ഉദിച്ചുയരും. കൂടുതൽ വിദേശ സഞ്ചാരികൾ കടന്നുവരുമെന്ന് ഉറപ്പാണ്. അതിനിടയിൽ ഉണ്ടാകുന്ന ഇത്തരം പ്രവർത്തനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. കേരളത്തിൽ ടൂറിസ്റ്റ് പൊലീസിങ് സമ്പ്രദായം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കോവളത്തെ താമസസ്ഥലത്തേക്ക് പോകുകയാണെന്ന് വിദേശി പറഞ്ഞെങ്കിലും മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്ന് പൊലീസ് വാശിപിടിച്ചു. സ്കൂട്ടർ തടഞ്ഞ പൊലീസ് മദ്യത്തിന്‍റെ ബിൽ ആവശ്യപ്പെട്ടു. ബില്ല് ഇല്ലന്നറിയിച്ച സ്റ്റീവിനോട് കുപ്പി സഹിതം മദ്യം കളയാൻ ആവശ്യപ്പെട്ടു.
എന്നാൽ, കുപ്പി പ്ലാസ്റ്റിക് ആയതിനാൽ മദ്യം ഒഴുക്കിക്കളഞ്ഞ് കുപ്പി വലിച്ചെറിയാതെ ബാഗിൽ തന്നെ അദ്ദേഹം തിരികെവെച്ചു. രണ്ട് കുപ്പികൾ ഒഴുക്കിക്കളഞ്ഞു. ഇത് സമീപത്തുണ്ടായിരുന്ന ചിലർ വിഡിയോ പകർത്തുന്നത് കണ്ടയുടനെ പൊലീസ് നിലപാട് മാറ്റി. ബിൽ നൽകിയാൽ മദ്യം കൊണ്ടുപോകാമെന്നായി പൊലീസ്.
ബിവറേജിൽനിന്ന് വാങ്ങാൻ മറന്ന വിദേശി തിരികെ പോയി ബിൽ വാങ്ങി വന്ന് പൊലീസിനെ കാണിച്ച ശേഷമാണ് ഒരു കുപ്പി തിരികെ കൊണ്ടുപോകാനായത്. എന്നാൽ, മദ്യം നിർബന്ധിച്ച് ഒഴിച്ചുകളഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ വാർത്താക്കുറിപ്പിലറിയിച്ചു. സുരക്ഷാപരിശോധനകളുടെ ഭാഗമായ പരിശോധനക്കിലെ ബില്ല് ഇല്ലാത്തതിനാൽ വിദേശി സ്വമേധയാ മദ്യം ഒഴുക്കികളയുകയായിരുന്നെന്നും അദ്ദേഹത്തോട് പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തു.
പൊലീസ് നടപടിക്കെതിരെ ദൃശ്യങ്ങൾ സഹിതം പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും അഡ്വ. ശ്രീജിത് പെരുമന പരാതി നൽകിയിട്ടുണ്ട്. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിലൂടെ വിൽപ്പന നടത്തുന്ന മദ്യകുപ്പികളിൽ എക്സൈസ് വകുപ്പിന്‍റെ ബാച്ച് നമ്പറും ക്യു ആർ കോഡും സീരിയൽ നമ്പറും ഹോളോഗ്രാമും രഹസ്യ കോഡും ഉൾപ്പെടെ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഏത് ഔട്ട്ലെറ്റിൽനിന്ന്, ആരാണ് വാങ്ങിയത് എന്നുവരെ അറിയാൻ സാധിക്കുമെന്നിരിക്കെ ഒരു വിദേശ പൗരനോട് പൊലീസ് നടത്തിയ നിയമവിരുദ്ധ ഇടപെടൽ ശുദ്ധ തോന്ന്യവാസവും അധികാര ദുർവിനിയോഗവുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.