സ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർഥിയുടെ മരണം: മന്ത്രി റിപ്പോർട്ട് തേടി
text_fieldsകോഴിക്കോട്: കൊടിയത്തൂരിൽ സ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർഥി മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി. കോഴിക്കോട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം.
അശ്രദ്ധമായി ബസോടിച്ച ഡ്രൈവർക്കെതിരെ മനപ്പൂർവല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു.
കൊടിയത്തൂർ പി.ടി.എം ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും പാഴൂർ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകനുമായ മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30ടെയായിരുന്നു സംഭവം. നിർത്തിയിട്ട രണ്ട് ബസുകളിൽ ഒന്ന് മുന്നോട്ടെടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീഴുകയും തൊട്ടടുത്തുണ്ടായിരുന്ന ബസിൽതട്ടുകയും ചെയ്തു. ഇവക്കിടയിൽ വിദ്യാർഥി കുടുങ്ങുകയുമായിരുന്നെന്നാണ് വിവരം.
സ്കൂളിൽ കലോത്സവം നടക്കുന്ന ദിവസമായിരുന്നു. ഇതിനിടെ ടോയ്‍ലറ്റിൽ പോയി തിരിച്ചുവരുമ്പോഴാണ് അപകടമെന്ന് അധ്യാപകർ പറയുന്നു. കുട്ടി വീണുകിടക്കുന്നത് കണ്ട മറ്റൊരു വിദ്യാർഥിയാണ് അധ്യാപകരെ വിവരമറിയിച്ചത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.