പ്രവേശനം എടുക്കാതെ മടങ്ങിയവർ സ്പോട്ട് അഡ്മിഷൻ നേടണം–മന്ത്രി
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ആവശ്യപ്പെടുന്ന ബാങ്ക് ഗാരൻറി നൽകാത്തതിനാല് ആര്‍ക്കും മെഡിക്കല്‍ പ്രവേശനം നഷ്ടമാവില്ലെന്ന് മന്ത്രി കെ.കെ. ശൈലജ. മികച്ച റാങ്കുള്ള കുട്ടികള്‍ പ്രവേശനം എടുക്കാതെ മടങ്ങിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനിലൂടെ അവര്‍ പ്രവേശനംനേടണം. സാങ്കേതിക തടസ്സങ്ങളില്ലെങ്കില്‍ അവര്‍ക്ക് സീറ്റ് ഉറപ്പാക്കും. ഇക്കാര്യത്തില്‍ കുട്ടികളെ സഹായിക്കാന്‍ ബാങ്കുകളുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കും. ബാങ്ക് ഗാരൻറി വേണ്ടെന്ന നിലപാടുമായി കൂടുതല്‍ കോളജുകള്‍ രംഗത്തുവന്നിട്ടുണ്ട്.
എന്‍.ആര്.ഐ വിദ്യാര്‍ഥികള്‍ നൽകുന്ന ഫീസായ 20 ലക്ഷം രൂപയില്‍ അഞ്ചുലക്ഷം രൂപ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നൽകാന് നീക്കിവെക്കും. ഓരോ കോളജിലെയും അര്‍ഹരായ വിദ്യാര്‍ഥികളെ പ്രവേശന നടപടികള്‍ക്ക് ശേഷം കണ്ടെത്തും.
ഇപ്പോള്‍ കോടതി നിശ്ചയിച്ചിട്ടുള്ളത് അന്തിമ ഫീസല്ല. മൂന്നുമാസത്തിനകം കോളജുകളുടെ വരവുചെലവ് കണക്കാക്കി അന്തിമ ഫീസ് നിശ്ചയിക്കും. ഇതിനാവശ്യമായ രേഖകള്‍ നൽകാന് കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം മാനേജ്മെൻറുകളുടെ നടപടി അധാര്‍മികമാണ്. അടിക്കടി ഉണ്ടായ കോടതി വിധികളാണ് പ്രവേശന നടപടികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത്. സ്വാശ്രയ കോളജുകള്‍ നിലനില്‍ക്കുന്നിടത്തോളം ഈ പ്രശ്നവുമുണ്ടാകും. അവ ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിദ്യാര്ഥികള്ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.