കലോത്സവത്തിൽ നൃത്താവതരണത്തിന് നടി പണം ആവശ്യപ്പെട്ടു; വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സ്കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നടി ആർത്തിയും അഹങ്കാരവും കാണിച്ചുവെന്ന പരാമർശം വലിയ ചർച്ചയായതോടെയാണ് പരാമർശത്തിൽ നിന്ന് മന്ത്രി മലക്കം മറിഞ്ഞത്. വിവാദങ്ങൾ അവസാനിപ്പിക്കാനായി തന്റെ പ്രസ്താവന പിൻവലിക്കുകയാണ്. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങൾ വേണ്ട. കലോത്സവത്തിന്റെ നൃത്താവിഷ്‍കാരം ആരെയും ഏൽപിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ മന്ത്രി തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ഇതോടെ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട് നടന്ന സാംസ്കാരിക പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുകയാണ് എന്ന് കൂടി പറഞ്ഞ മന്ത്രി നടിയുടെ പേര് വെളിപ്പെടുത്താനും തയാറായില്ല.
മന്ത്രിയുടെ പരാമർശത്തിൽ എതിർപ്പുമായി നിരവധി പേർ രംഗത്തുവന്നു. സ്വന്തം അധ്വാനത്തിന് പ്രതിഫലം ചോദിക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ലെന്നായിരുന്നു ഇവരുടെ വാദം.
വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ: 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു.സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവര്‍ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.