വി. മുരളീധരൻ വികസന മുടക്കി, കേന്ദ്രമന്ത്രിയെ കാണുന്നതിന് ബി.ജെ.പി നേതാക്കൾ തടസമെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsന്യൂഡൽഹി: കേരളത്തിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചർച്ചക്ക് ഡൽഹിയിൽ എത്തിയ സംസ്ഥാന മന്ത്രിമാർക്ക് കേന്ദ്ര റെയിൽവേ മന്ത്രി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചതിൽ കൂടുതൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രമന്ത്രിയെ കാണുന്നതിന് ബി.ജെ.പി നേതാക്കൾ തടസം നിന്നുവെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ബി.ജെ.പി നേതാക്കൾ ഡൽഹിയിൽ എത്തിയതിന് ശേഷമാണ് അനുമതി നിഷേധിച്ചത്. കേന്ദ്ര മന്ത്രിയുടെ സമീപനം ഫെഡറൽ സംവിധാനങ്ങൾക്ക് എതിരാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പരാതി നൽകും. സംസ്ഥാനത്തെ വികസനങ്ങൾക്ക് തടസം നിൽക്കുന്നത് കേന്ദ്ര മന്ത്രി വി. മുരളീധരൻ ആണെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചർച്ചക്ക് ഡൽഹിയിൽ എത്തിയ മൂന്ന് സംസ്ഥാന മന്ത്രിമാർക്കാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചത്. സംസ്ഥാന മന്ത്രിമാരായ ശിവൻ കുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർക്കാണ് അനുമതി നിഷേധിച്ചത്. ഇടത് എം.പിമാർ മുഖേന മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയാണ് അവസാന നിമിഷം റദ്ദാക്കിയത്.
കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കൾ കേന്ദ്രമന്ത്രി വി. മുരളീധരനുമൊത്ത് ബുധനാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടതിന് ശേഷമാണ് വ്യാഴാഴ്ച കേരളത്തിൽ നിന്ന് എത്തിയ മന്ത്രിമാർക്ക് അനുമതി നിഷേധിച്ചത്. തങ്ങൾ വരുന്ന വിവരം മുൻകൂട്ടിയറിഞ്ഞ് നേമം ടെർമിനലുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച ബി.ജെ.പി നേതാക്കൾ നടത്തി എന്നും അതു കൊണ്ടായിരിക്കാം അനുമതി നിഷേധിച്ചതെന്നും മന്ത്രിമാർ പറഞ്ഞു.
എളമരം കരീമും ജോൺ ബ്രിട്ടാസും മുഖേന മൂന്നു ദിവസം മുമ്പ് അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാർ വന്നത്. എന്നാൽ, ഈ വിഷയത്തിൽ കാണാനേ പറ്റില്ല എന്നാണ് വ്യാഴാഴ്ച റെയിൽവേ മന്ത്രി മാറ്റിപ്പറഞ്ഞത്. അശ്വിനി വൈഷ്ണവ് അനുമതി നിഷേധിച്ചതിനെ തുടർന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി ദർശന ജർദോഷ്, റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ വി.കെ ത്രിപാഠി എന്നിവരെ കണ്ട് മന്ത്രിമാർ നിവേദനങ്ങൾ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.