സംസ്ഥാനത്തെ സ്കൂൾ തുറക്കൽ വൈകുമെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പരീക്ഷാകേസിൽ സുപ്രീം കോടതി വിധി നിർണായകമാണ്. വിധി അനുകൂലമെങ്കിൽ മാത്രമേ സ്കൂൾ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയമിക്കാനായിരുന്നു തീരുമാനം. ഇതേക്കുറിച്ച് ഇന്ന് ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കുമെന്നായിരുന്നു ധാരണ. എന്നാൽ കോടതി വിധിക്ക് ശേഷം മാത്രമേ വിദഗ്ധ സമിതിയെ നിയമിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. കേരളത്തിൽ ടി.പി.ആർ നിരക്ക് 15 ശതമാനത്തിൽ കൂടതലാണെന്നും രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ അമ്പത് ശതമാനത്തിൽ അധികം കേരളത്തിൽ ആണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂൽ ഷാ എന്ന അഭിഭാഷകൻ പരീക്ഷക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് സുപ്രീം കോടതി പരീക്ഷ സ്റ്റേ ചെയ്തിരുന്നു.
ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന് സർക്കാരിന് ഉറപ്പുനൽകാനാകുമോ എന്നുമാണ് കോടതി സർക്കാരിനോട് ചോദിച്ചത്. കേസ് അടുത്ത തിങ്കളാഴ്ചയാണ് വീണ്ടും പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.