സ്വകാര്യ ഹോട്ടലിന് പാർക്കിങ്ങിനായി റോഡ് വിട്ടുനൽകിയ സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച തിരുവനന്തപുരം കോർപറേഷന്‍റെ നടപടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം ചീഫ് എൻജിനീയറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ എം.ജി റോഡിലാണ് സ്വകാര്യ ഹോട്ടലിന് പാർക്കിങ്ങിനായി കോർപറേഷൻ സ്ഥലം അനുവദിച്ചത്. പ്രതിമാസം 5000 രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് റോഡിന്‍റെ ഒരു ഭാഗം ഹോട്ടലിലെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാനായി വിട്ടുനൽകിയത്.
മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം.ജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്കുനൽകാൻ തീരുമാനമെടുത്തത്. പൊതുജനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയ റോഡരികാണ് ഇതോടെ സ്വകാര്യ ഹോട്ടലിന്‍റെതായത്.
കരാർ ഉണ്ടായതോടെ ഈ സ്ഥലത്ത് മറ്റുവാഹനങ്ങൾ പാർക്കുചെയ്യുന്നത് ഹോട്ടലുകാർ തടഞ്ഞുതുടങ്ങി. ഇതോടെ പലതവണ വാക്കുതർക്കവും ഇവിടെ ഉണ്ടായിട്ടുണ്ട്. മേയറുടെ നിർദേശ പ്രകാരം കോർപറേഷൻ സെക്രട്ടറിയും ഹോട്ടലുടമയും 100 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ എഴുതി ഒപ്പിട്ടിരുന്നു. ഇത് കാണിച്ചാണ് ഹോട്ടലുകാർ റോഡിൽ അവകാശം സ്ഥാപിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾ സ്വന്തം നിലക്ക് പാർക്കിങ് ഒരുക്കണമെന്നിരിക്കെയാണ് ഹോട്ടലിന് വേണ്ടി റോഡിന്‍റെ ഒരു വശം തുച്ഛമായ തുകക്ക് വാടകക്ക് നൽകാനുള്ള കോർപറേഷന്‍റെ വിവാദ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.