നിങ്ങളാണോ കോടതി..?, ഇത് നിങ്ങളുടെ തീറ്റയാണ്, ഇതുവെച്ച് ക്യാഷുണ്ടാക്കിക്കോളൂ; ക്ഷുഭിതനായി സുരേഷ് ഗോപി
text_fieldsതൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉയർന്ന് വരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇതുവെച്ച് പണമുണ്ടാക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും സുരേഷ് ഗോപി പറഞ്ഞു.
മുകേഷ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നടന്മാർക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇങ്ങനെ:
" കോടതി വല്ലതും പറഞ്ഞോ മുകേഷിന്റെ കാര്യത്തിൽ, ആരോപണങ്ങൾ നിങ്ങൾ സൃഷ്ടിക്കുന്നതാണ്. എല്ലാം കോടതി പറയും. ആരോപണങ്ങളെ കുറിച്ച് നിങ്ങൾ 'അമ്മ'യിൽ പോയി ചോദിക്കുക. അല്ലെങ്കിൽ ഞാൻ അമ്മയിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഈ ചോദ്യങ്ങൾ ചോദിക്കൂ, ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിവരുമ്പോൾ ഓഫീസിനെ സംബന്ധിച്ച കാര്യങ്ങൾ ചോദിക്കുക, വീട്ടിൽ നിന്ന് ഇറങ്ങിവരുമ്പോൾ വീട്ടിലെ കാര്യങ്ങൾ ചോദിക്കുക. ഇപ്പോൾ ഞാൻ ഒരു വിശുദ്ധ സ്ഥലത്ത് നിന്നാണ് ഇറങ്ങി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിങ്ങൾക്ക് അറിയാനുണ്ടോ..ചോദിക്കൂ.. ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങൾ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല.
എന്നാൽ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ഈ വിഷയങ്ങളെല്ലാം കോടതിയിലുണ്ടെങ്കിൽ കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട് കോടതി തീരുമാനമെടുത്തോളും. സർക്കാർ അത് കോടതിയിൽ കൊടുത്താൽ അവർ സ്വീകരിക്കും. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. തമ്മിത്തല്ലിച്ച് സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടാനാണ് നിങ്ങളുടെ ശ്രമം. പരാതി ആരോപണത്തിന്റെ രൂപത്തിലാണ്. നിങ്ങൾ കോടതിയാണോ..കോടതി തീരുമാനിക്കും"- സുരേഷ് ഗോപി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.