മാർത്താണ്ഡം കായൽ: കൈയേറ്റം നടന്നതായി കലക്ടറുടെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടർവേൾഡ് ടൂറിസം കമ്പനി മാർത്താണ്ഡം കായൽ കൈയേറി നികത്തിയത് സംബന്ധിച്ച് ആലപ്പുഴ കലക്ടര്‍ സമഗ്ര റിപ്പോർട്ട് നൽകി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യന് പ്രത്യേക ദൂതൻ വഴിയാണ് കലക്ടർ ശനിയാഴ്ച നിർണായക റിപ്പോർട്ട് കൈമാറിയത്. റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും നടപടി വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്. മാര്‍ത്താണ്ഡം കായലില്‍ ഒന്നരമീറ്ററോളം പൊതുവഴി കൈയേറി റോഡ് നിർമിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. പാർക്കിങ് ഗ്രൗണ്ടിനായി കായൽ നിലം നികത്തിയതായും മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ ഭൂമിയിലുള്ള നിലം നികത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
കായലിൽ ബോയകെട്ടുന്നതിന് ജലവിഭവവകുപ്പ് 2007ൽ അനുമതി നൽകിയിരുന്നു. അതു പൊളിച്ചു നീക്കണമെന്നാണ് ശിപാർശ. ഇടക്കാല റിപ്പോർട്ടിലെ നിയമലംഘനങ്ങൾ സ്ഥിരീകരിക്കുന്നതാണ് കലക്ടറുടെ സമഗ്ര റിപ്പോർട്ട്. 2008ലെ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി നികത്തുന്നത് കുറ്റകരമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച റിപ്പോർട്ടിൽ കടുത്ത ശിപാർശകളുള്ളതായി സൂചനയുണ്ട്. അതേസമയം, തോമസ് ചാണ്ടിയുടെ പേരിലല്ല നികത്തിയ ഭൂമി. അദ്ദേഹത്തിെൻറ സഹോദരിയുടെ പേരിലാണ് ഭൂമിയുടെ ആധാരം. കലക്ടർ നടത്തിയ തെളിവെടുപ്പിൽ നെൽവയൽ നികത്തിയത് അവർക്ക് അറിയില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. ഇവിടെ നിയമം അനുസരിച്ച് ഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ആലപ്പുഴ ലേക് പാലസ് റിസോർട്ടിൽ പാർക്കിങ്ങിനായി സ്ഥലം ഒരുക്കിയത് നിലം നികത്തിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ റിസോർട്ട് അധികൃതർതന്നെ കൈയേറ്റ വിവരം സമ്മതിച്ചിട്ടുണ്ട്. 50 സെൻറിനടുത്ത് നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം. നിലം നികത്തിയ വസ്തുവിെൻറ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കലക്ടറുടെ റിപ്പോർട്ടിൽ ശിപാർശയുണ്ട്. എന്നാൽ, ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് റവന്യൂ വകുപ്പാണ്. മാർത്താണ്ഡം കായൽ നികത്തൽ വിഷയത്തിൽ ഹൈകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ വിധിയെ ആശ്രയിച്ചായിരിക്കും നടപടി സ്വീകരിക്കുക. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ റവന്യൂ രേഖകൾ ഉദ്യോഗസ്ഥരുടെ സംയുക്തപരിശോധനക്ക് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്.
റിപ്പോർട്ട് പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: ആലപ്പുഴ കലക്ടർ മാർത്താണ്ഡം കായൽനിലം നികത്തൽ സംബന്ധിച്ച റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ശനിയാഴ്ച സമർപ്പിെച്ചന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. താൻ എൽ.ഡി.എഫ് ജാഥയുമായി ബന്ധപ്പെട്ട് കാസർകോടാണ്. അതിനാൽ സമഗ്ര റിപ്പോർട്ട് കണ്ടിട്ടില്ല. റിപ്പോർട്ട് പഠിച്ചശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം -ചെന്നിത്തല
തിരുവനന്തപുരം: തോമസ് ചാണ്ടി ഇനിയും അധികാരത്തില്‍ തുടരുന്നത് നിയമസഭയോടുള്ള അനാദരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരുനിമിഷം വൈകാതെ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി തെൻറ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയ മന്ത്രിയെ ഒരു നിമിഷംപോലും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കരുത്. കലക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിെച്ചങ്കിലും സത്യം മൂടിവെക്കാനായില്ല. ഇനി ഈ മന്ത്രി അധികാരത്തില്‍ തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഉചിതമായ സമയത്ത് ഉചിതമായ നടപടി -കാനം
തിരുവനന്തപുരം: മാർത്താണ്ഡം കായൽനിലം നികത്തൽ വിഷയത്തിൽ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാവുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചട്ടലംഘനം നടന്നിട്ടുണ്ടെങ്കിൽ സർക്കാർ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ഹസൻ
തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിലെ ൈകയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഉടന്‍ രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പകപോക്കലിെൻറ പേരില്‍ എതിരാളികളെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ൈകയേറ്റക്കാരനായ മന്ത്രിയെ സംരക്ഷിക്കുകയാണ്. മന്ത്രിക്കെതിയുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂവകുപ്പ് തയാറാകണം. തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ രാജിവെക്കാമെന്ന് നിയമസഭയെ അറിയിച്ച വ്യക്തിയാണ് മന്ത്രി തോമസ് ചാണ്ടി. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ വ്യക്തി മന്ത്രിയായി തുടരുന്നത് കേരള നിയമസഭയുടെ അന്തസ്സിന് യോജിച്ചതല്ലെന്നും അതു കേരളത്തിനാകെ അപമാനകരമാണെന്നും ഹസന്‍ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.