തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് ചെന്നിത്തല
text_fieldsന്യൂഡൽഹി: ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെൽവയൽ നീർത്തട നിയമം ലംഘിക്കുകയും അനധികൃത കൈയേറ്റം നടത്തുകയും ചെയ്ത മന്ത്രിയെ ഇത്രയും കാലം സി.പി.എം സംരക്ഷിച്ചു. ഇനിയും സംരക്ഷിക്കണമോ എന്ന കാര്യം അവർ തന്നെ ആലോചിക്കണം. ജീവിതകാലം മുഴുവൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇ.പി ജയരാജന് നൽകാത്ത നീതി എങ്ങനെ തോമസ് ചാണ്ടിക്ക് നൽകാൻ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.
പൊതുസമൂഹത്തിൽ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ജനമധ്യത്തിൽ സി.പി.എം അപഹാസ്യരായി കൊണ്ടിരിക്കുന്നു. വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
ഉമ്മൻചാണ്ടിക്കെതിരെ തെളിവ് നൽകാൻ ചെന്നിത്തല ആവശ്യപ്പെട്ടെന്ന സരിതയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടാണ്. സോളാർ കമീഷൻ റിപ്പോർട്ട് വിശദമായി പഠിച്ചു വരികയാണ്. ആരോപണങ്ങളെ രാഷ്ട്രീയവും നിയമപരവുമായി നേരിടും. ഇതുകൊണ്ടൊന്നും കോൺഗ്രസിനെയോ യു.ഡി.എഫിനെയോ ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സോളാർ കേസ് ഗൗരവകരമായ വിഷയമാണെന്ന വി.എം സുധീരന്‍റെ നിലപാടിനോട് യോജിക്കുന്നു. ഗൗരവത്തോടെയാണ് വിഷയത്തെ കോൺഗ്രസ് സമീപിക്കുന്നത്. നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചതല്ലാതെ കമീഷൻ റിപ്പോർട്ടിൽ ഇതൊന്നും പറയുന്നില്ല. കമീഷന്‍റെ വിശ്വാസ്യത തുലാസിലാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.