കണ്ടക്ടർമാരോട് മന്ത്രി; ‘മദ്യപിച്ച് വരരുത്; ഗന്ധം യാത്രക്കാർ ഇഷ്ടപ്പെടില്ല’
text_fieldsതിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തരുതെന്നും മദ്യത്തിന്റെ ഗന്ധം ബസിലെ യാത്രക്കാർക്ക് ഇഷ്ടപ്പെടില്ലെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർമാരോട് ഫേസ്ബുക്ക് വഴി നടത്തിയ അഭിസംബോധനയിലാണ് ഡ്യൂട്ടി സമയത്തെ മദ്യപാനം പാടില്ലെന്നതിന് മന്ത്രി വിചിത്ര കാരണം നിരത്തിയത്. ടിക്കറ്റ് കൊടുക്കുന്നതിനൊപ്പം യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതുമടക്കം നിയന്ത്രിക്കുന്ന സുപ്രധാന ചുമതലകളാണ് കണ്ടക്ടർക്കുള്ളത്. ഇത്തരമൊരു ചുമതല വഹിക്കുന്നയാൾ മദ്യപിച്ചെത്തുന്നതിൽ കേവലം ദുർഗന്ധത്തിന്റെ പ്രശ്നം മാത്രമാണെന്ന ലഘൂകരണമാണ് മന്ത്രിയുടെ വിശദീകരണത്തിലുള്ളത്.
ഇതു സംബന്ധിച്ച് അഭിസംബോധനയിലെ മന്ത്രിയുടെ പരാമർശങ്ങൾ ഇങ്ങനെ: ‘‘മദ്യപിച്ച് ഡ്യൂട്ടിക്ക് വരരുത്. മദ്യപിക്കുന്നത് കുറ്റമാണെന്ന് താൻ പറയില്ല. അതിന്റെ ഗന്ധം ബസിൽ യാത്ര ചെയ്യുന്ന മറ്റുള്ളവർക്ക് ഇഷ്ടമുണ്ടാവില്ല. മദ്യപിക്കുന്നവരും മദ്യപിക്കാത്തവരുമുണ്ടാകും. മദ്യപാനി അന്ന് കഴിച്ചതോ തലേന്ന് കഴിച്ചതോ ആയ മദ്യത്തിന്റെ ദുർഗന്ധം, സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സഹിക്കാൻ പറ്റുന്നതല്ല. തിക്കിലും തിരക്കിലും കഷ്ടപ്പെട്ട് ടിക്കറ്റ് കൊടുത്താണ് കെ.എസ്.ആർ.ടി.സിയെ വളർത്തുന്നത്. അവിടെ നിങ്ങൾക്കുള്ള വില കളയരുത്’’.
‘റിലേഷൻ’ ചോദിക്കേണ്ട
കെ.എസ്.ആർ.ടി.സിയുടെ യജമാനൻ യാത്രക്കാരാണെന്നും അവരോട് കണ്ടക്ടർമാർ സ്നേഹത്തോടെ പെരുമാറണയെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ഹൃദയംകൊണ്ട് സ്നേഹിക്കണം എന്ന് പറയുന്നില്ല. മര്യാദയോടെ പെരുമാറിയാൽ മതി. ബസിൽ കയറുന്നവരോട് കൂടെ വരുന്നത് സഹോദരിയാണോ, ഭാര്യയാണോ തുടങ്ങി അനാവശ്യ ചോദ്യങ്ങളൊന്നും വേണ്ട. സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യാം. അത് ഇന്ത്യയിലെ നിയമം അനുവദിക്കുന്നുണ്ട്. സ്വിഫ്റ്റ് ജീവനക്കാരെക്കുറിച്ച് വളരെ മോശം അഭിപ്രായം ഉണ്ടാകുന്നുണ്ട്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ കയറിയ വൃദ്ധൻ കണ്ടക്ടർ സീറ്റിൽ ഇരുന്നതിന്റെ പേരിൽ അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. സ്വന്തം അച്ഛനാണെങ്കിൽ ഇതു ചെയ്യുമോ. എന്നാൽ, സീറ്റ് മാറിക്കൊടുത്ത കണ്ടക്ടർമാരുമുണ്ട്. രാത്രി എട്ട് കഴിഞ്ഞാൽ സൂപ്പർ ഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസുകൾ സ്റ്റോപില്ലെങ്കിലും സ്ത്രീകൾക്കുവേണ്ടി ബസ് നിർത്തിക്കൊടുക്കണം. അവരെ വീടിന് വിദൂരത്ത് ഇറക്കി ഓട്ടോ പിടിച്ച് പോകേണ്ട ഗതിയുണ്ടാക്കരുത്. ഒന്നാം തീയതി ശമ്പളം നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.