ഈ സർക്കാർ എത്ര സ്റ്റേഡിയങ്ങൾ നിർമിച്ചുവെന്ന് എം.എൽ.എയുടെ ചോദ്യം; മയക്കുമരുന്ന് കേസിൽ ധാരാളം ലീഗുകാർ പിടിയിലാകുന്നുണ്ടെന്ന് മന്ത്രിയുടെ മറുപടി; ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ധാരാളം ലീഗുകാർ ഉൾപ്പെടുന്നുണ്ടെന്ന മന്ത്രി വി.അബ്ദുറഹിമാന്റെ സഭയിലെ പരാമർശം വിവാദമായി. നജീബ് കാന്തപുരം എം.എൽ.എ ചോദിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് വിവാദ പരാമർശമുണ്ടായത്.
'നമ്മുടെ സമൂഹത്തിലാകെ ലഹരി പടരുമ്പോൾ വലിയ പ്രതീക്ഷയുള്ള വകുപ്പാണ് കായിക വകുപ്പ്. എല്ലാ പഞ്ചായത്തിലും സ്റ്റേഡിയം പണിയും എന്നൊരു വാഗ്ദാനം ഉണ്ടായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ എത്ര കളിസ്ഥലങ്ങൾ സർക്കാർ നിർമിച്ചു'- എന്നതായിരുന്നു നജീബ് കാന്തപുരത്തിന്റെ ചോദ്യം.
എന്നാൽ, അതിന് മന്ത്രി മറുപടി പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. 'സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഞാൻ വായിച്ച വാർത്തകളിൽ അങ്ങയുടെ പാർട്ടിയുടെ ആളുകളെ തന്നെ ധാരാളം ഇങ്ങനെ പിടികൂടിയിട്ടുണ്ട്'. എന്നായിരുന്നു.
മന്ത്രിയുടെ മറുപടിയിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണെന്നും ഇങ്ങനെയാണെങ്കിൽ അദ്ദേഹം പാർട്ടി തിരിച്ചുള്ള കണക്ക് മുഴുവൻ പറയട്ടെയെന്നും നജീബ് കാന്തപുരം എം.എൽ.എ തിരിച്ചടിച്ചു. പരാമർശം പരിശോധിച്ച് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യാമെന്ന് സ്പീക്കർ പറഞ്ഞതോടെ രംഗം ശാന്തമായത്.
തുടർന്ന് മന്ത്രി നടത്തിയ മറുപടിയിൽ, കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ കിഫ്ബി മുഖാന്തരം മാത്രം 1200 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും എം.എൽ.എമാരുടെ ഫണ്ട് ഉപയോഗിച്ച് 450 കോടിയുടെ പ്രവൃത്തികൾ ഇപ്പോൾ നടന്നുവരുന്നുണ്ടെന്നും പറഞ്ഞു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പ്രകാരം 129 കളിക്കളങ്ങളുടെ നിർമാണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.