ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ; സ്കൂൾ തുറക്കാനുള്ള പദ്ധതി ഒക്ടോബർ 15നകം തയാറാക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിന് ഒക്ടോബർ 15ന് മുമ്പ് തയാറെടുപ്പ് പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പദ്ധതി തയാറാക്കി ഒക്ടോബർ 15ന് മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഷിഫ്റ്റുകളാക്കിയായിരിക്കും കുട്ടികളെ സ്കൂളിൽ എത്തിക്കുക.
കൂടുതൽ കുട്ടികളുള്ള സ്കൂളുകൾക്ക് അതിനനുസൃതമായ ക്രമീകരണങ്ങൾ വേണ്ടിവരും. സ്കൂൾ തുറക്കാൻ വിപുല പദ്ധതി തയാറായി വരുന്നതായും വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി. കുട്ടികൾക്ക് പൂർണ സംരക്ഷണം ഉറപ്പാക്കും.
സംസ്ഥാനതലത്തിലും ജില്ലതലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധർ, കലക്ടർമാർ എന്നിവരുമായും ചർച്ച നടത്തും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുംവിധമുള്ള ക്രമീകരണമാണ് നടത്തുക. കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം ഉറപ്പിക്കൽ തുടങ്ങിയവയും യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുന്നതാകും പദ്ധതി.
വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് തന്നെയാണ് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതെന്നും മറിച്ചുള്ള മാധ്യമ വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.