മകനെ പഠിപ്പിക്കാൻ അമ്മയും ഒപ്പംകൂടി; ലില്ലി ആന്റണിക്കും മനോജിനും അഭിനന്ദനവുമായി മന്ത്രിയും
text_fieldsപ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച് ഹയർസെക്കൻഡറി പരീക്ഷയിൽ വിജയം നേടിയ 68 കാരി ലില്ലി ആന്റണിക്കും മകൻ 39കാരൻ മനോജിനും അഭിനന്ദനം അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. ഇരുവരുടേയും വിജയം നിരവധിപേർക്ക് പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ചാണ് തൃശ്ശൂർ ജില്ലയിലെ മുല്ലശ്ശേരി അന്നകര വടുക്കൂട്ട് വീട്ടിൽ 68 കാരി ലില്ലി ആന്റണി സാക്ഷരത മിഷൻ ഹയർസെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷയും മകൻ 39 കാരൻ മനോജ് ഒന്നാം വർഷ തുല്യതാ പരീക്ഷയും പാസായത്. മുല്ലശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാക്ഷരതാ തുല്യതാ പഠന കേന്ദ്രത്തിലെ പഠിതാക്കൾ ആണ് ഇരുവരും.
ശാരീരിക അവശതകൾ മൂലം ഏഴാം ക്ലാസിൽ പഠനം നിർത്തിയതാണ് മനോജ്. അമ്മ ലില്ലിയുടെ പ്രോത്സാഹനത്തെ തുടർന്ന് സാക്ഷരതാ മിഷൻ തുല്യതാ പഠനത്തിലൂടെ തന്നെ ഏഴാം തരവും പത്താം തരവും വിജയിച്ചു. മകൻ പ്ലസ് വണ്ണിന് ചേർന്നതോടെ 1972-ൽ ഉയർന്ന മാർക്കോടെ എസ്എസ്എൽസി പാസായ ലില്ലിയും തുടർപഠനത്തിന് തയ്യാറാകുകയായിരുന്നു.
ലില്ലി ആന്റണിയേയും മകൻ മനോജിനേയും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. ഇരുവരും നിരവധി പേർക്ക് പ്രചോദനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുടർപഠനത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്ന ലില്ലി ആന്റണി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു. ഇരുവരേയും അഭിനന്ദിച്ച് മന്ത്രി കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.