ഉത്തരം താങ്ങുന്നെന്ന് ധരിക്കുന്ന പല്ലിയെ പോലെ, സി.പി.എമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ല; അൻവറിനെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഉത്തരം താങ്ങുന്നെന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി.വി. അൻവറെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് അൻവർ നിലമ്പൂരിൽ ജയിച്ചത്. അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്. വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവർ ചെയ്തതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ജീവൻ നൽകിയും രക്തം നൽകിയും ആയിരങ്ങൾ പടുത്തുയർത്തിയ സി.പി.എമ്മിനെ അൻവർ എന്ന കളക്ക് ഒരു ചുക്കും ചെയ്യാനാകില്ല. നിലമ്പൂരിലെ സഖാവ് കുഞ്ഞാലിയുടെ പാർട്ടിയാണിത്. ആ പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി കൊണ്ടൊന്നും ആവില്ല. കേരള രാഷ്ട്രീയത്തിൽ അൻവറിന് അലഞ്ഞുതിരിയേണ്ട ഗതികേട് വരുമെന്ന കാര്യത്തിൽ തർക്കമില്ല.
മുഖ്യമന്ത്രി പിണറായി വിജയന് പതിറ്റാണ്ടുകളുടെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുണ്ട്. അദ്ദേഹത്തിനെതിരെ അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജനങ്ങൾക്കറിയാം. ആരോപണങ്ങൾ ദിനവും ഉന്നയിക്കുകയല്ലാതെ ഒരു തെളിവും ഹാജരാക്കാൻ അൻവറിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കരിവാരിത്തേക്കാൻ ശ്രമിക്കുന്ന അൻവർ ആരുടെ അച്ചാരമാണ് വാങ്ങിയതെന്ന് താമസിയാതെ വ്യക്തമാകുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
കുറിപ്പിന്‍റെ പൂർണ രൂപം;
ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ.
പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല.ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോധ്യം ഉണ്ടാകില്ല.
ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് പി വി അൻവർ നിലമ്പൂരിൽ ജയിച്ചത്. പി വി അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവർ ചെയ്തിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും കൂടുതൽ ബഹുജന പിന്തുണയുള്ള പാർട്ടിയാണ് സി പി ഐ (എം). ജീവൻ നൽകിയും രക്തം നൽകിയും ആയിരങ്ങൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിനെ അൻവർ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാർട്ടി അണികൾ ഇതുവരെ ക്ഷമിച്ചു. എന്നാൽ പാർട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അൻവർ ചെയ്യുന്നത്.
നിലമ്പൂരിൽ പാർട്ടിയ്ക്ക് വലിയ ചരിത്രമുണ്ട്. സഖാവ് കുഞ്ഞാലിയുടെ പാർട്ടി ആണിത്. ആ പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി കൊണ്ടൊന്നും നടക്കില്ല എന്ന് അൻവർ താമസിയാതെ മനസിലാക്കും. കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ട ഗതികേട് വരും പി വി അൻവറിന് എന്ന കാര്യത്തിൽ തർക്കമില്ല.
കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് പതിറ്റാണ്ടുകളുടെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുണ്ട്. കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ പി വി അൻവർ ഉന്നയിക്കുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. ആരോപണങ്ങൾ ദിനവും ഉന്നയിക്കുക എന്നല്ലാതെ ഒരു തെളിവ് പോലും ഹാജരാക്കാൻ പി വി അൻവറിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്ന അൻവർ ആരുടെ അച്ചാരമാണ് വാങ്ങിയത് എന്ന് താമസിയാതെ വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.