മർകസ് കശ്മീരി വിദ്യാർഥികളുമായി സംവദിച്ച് മന്ത്രി വി. ശിവൻകുട്ടി
text_fieldsകോഴിക്കോട്: കാരന്തൂർ മർകസിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കശ്മീരി വിദ്യാർഥികളുമായി സംവദിച്ച് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. കേരള സിലബസ് പ്രകാരം പഠിക്കുന്ന വിദ്യാർഥികളുടെ പഠനാനുഭവം മന്ത്രി ചോദിച്ചറിഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്തെ മികവിലും കേരള സർക്കാർ ഒരുക്കുന്ന സൗകര്യങ്ങളിലും വിദ്യാർഥികൾ മന്ത്രിയെ നന്ദി അറിയിച്ചു. 2004ൽ അന്നത്തെ കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കശ്മീരി വിദ്യാർഥികൾക്ക് മർകസിൽ സൗജന്യ പഠന സൗകര്യമൊരുക്കിയത്. നിലവിൽ 200ഓളം വിദ്യാർഥികളാണ് മർകസ് എമിറൈറ്റ്സ് ഹോം ഫോർ കശ്മീരിൽ പഠിക്കുന്നത്. ആയിരത്തിലധികം വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
ഈ വിദ്യാർഥികൾ സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് വർഷങ്ങളായി പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടാറുമുണ്ട്. കശ്മീരി വിദ്യാർഥികളുടെ നേട്ടങ്ങളെ മന്ത്രി അഭിനന്ദിക്കുകയും കേരളത്തിൽ പഠനം തുടരുന്നതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.
വിവിധ പരിപാടികളിൽ പങ്കെടുക്കാനായി വയനാട്ടിലേക്ക് പോകുന്നതിനിടെ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കുന്നതിനായാണ് മന്ത്രി മർകസിൽ എത്തിയത്. പരസ്പരം സുഖവിവരങ്ങൾ പങ്കിട്ട ഇരുവരും മർകസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.