തിരുവോണം മുന്നിൽ കണ്ട് സംഘർഷമുണ്ടാക്കാൻ ആർ.എസ്.എസ്.-ബി.ജെ.പി ശ്രമമെന്ന് മന്ത്രി വി.ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: തിരുവോണം മുന്നിൽകണ്ട് സംസ്ഥാനത്താകെ സംഘർഷമുണ്ടാക്കാൻ ആർ.എസ്.എസ് - ബി.ജെ.പി ശ്രമമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം വഞ്ചിയൂരെ സംഭവവും തുടർന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതും അതിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീട് ആക്രമിച്ചതും എല്ലാം ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ്.
സി.പി.എം സംസ്ഥാന നേതാവായ ആനാവൂർ നാഗപ്പനെതിരെ വധശ്രമം തന്നെയാണ് നടന്നിരിക്കുന്നത്. സാധാരണ അദ്ദേഹം വിശ്രമിക്കുന്ന റൂമിന്റെ ചില്ലുകൾ ആണ് തകർത്തത്. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിടിയിലായവരിൽ ഒരു പ്രതി ആനാവൂർ നാഗപ്പന്റെ വീടിന് അടുത്തുള്ളയാളാണ്.
ഉത്സവ സീസണുകളിൽ എല്ലാം ഇത്തരത്തിൽ അക്രമങ്ങൾ നടത്തി സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ സംഭവങ്ങളും. സംഭവത്തിന്റെ ഗൂഢാലോചനയിൽ ബി.ജെ.പിയുടെ ആർ.എസ്.എസിന്റെയും സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് ഉണ്ട്.
സി.പി.എം പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ് ശ്രമം. ഈ പ്രകോപനങ്ങളിൽ സി.പി.എം പ്രവർത്തകർ വീഴരുത്. അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ പോലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.