ട്രാൻസ് വനിതയായി ജീവിക്കാനാകുന്നില്ലെന്ന് പറഞ്ഞ അനീറ കബീറുമായി ഫോണിൽ സംസാരിച്ച് മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ട്രാൻസ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവിസസ് അതോറിറ്റിക്ക് അപേക്ഷ നൽകിയ അനീറ കബീറിനെ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഫോണിൽ വിളിച്ച് സംസാരിച്ചു.
മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ ട്രാൻസ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും പാലക്കാട്ടെ സർക്കാർ സ്കൂളിൽ ഉണ്ടായിരുന്ന താൽകാലിക അധ്യാപക ജോലി നഷ്ടമായെന്നും അനീറ മന്ത്രിയെ അറിയിച്ചു. സഹോദരൻ ദിവസങ്ങൾക്ക് മുമ്പ് അപകടത്തെ തുടർന്ന് മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി തനിക്ക് വന്നു ചേർന്നെന്നും അനീറ മന്ത്രിയോട് പറഞ്ഞു. അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എം.എഡും സെറ്റും തനിക്കുണ്ടെന്ന് അനീറ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി മന്ത്രി ഫോണിൽ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നൽകാൻ ആവശ്യമായ നടപടികൾ എടുക്കാൻ മന്ത്രി പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകി. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം തനിക്ക് നൽകാൻ മന്ത്രി നിർദേശം നൽകി. മന്ത്രിയെ തിരുവനന്തപുരത്തെത്തി നേരിൽ കണ്ട് നിവേദനം നൽകുമെന്നും അനീറ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.