ഭരണഘടന ഗവർണർക്കും ബാധകം, ഗവർണറെ പേടിക്കേണ്ടതില്ല -മന്ത്രി ശിവൻ കുട്ടി
text_fieldsതിരുവനന്തപുരം: ഭരണഘടന ഗവർണർക്കും ബാധകമാണെന്നും ഗവർണറെ പേടിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. ഗവർണർ വിമർശനത്തിന് അതീതനല്ല. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് മന്ത്രിമാരെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാർ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ വ്യക്തിപരമായി മന്ത്രിമാർ നടത്തിയാൽ 'പ്രീതി' (പ്ലഷർ) പിൻവലിക്കുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നുമാണ് ഗവർണർ ട്വീറ്റിലൂടെ വ്യക്തമാക്കിയത്.
'പ്രീതി തത്വം' അഥവാ ഡൊക്ട്രിൻ ഓഫ് പ്ലഷർ എന്നത് ഇംഗ്ലിഷ് നിയമത്തിൽ ഉടലെടുത്ത പ്രമാണമാണ്. രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴിൽ നിലനിൽക്കുന്നതെന്നതാണ് ഇതിലെ ധാർമികതത്വം. ആയതിനാൽ, രാജാവിന് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ, അപ്രീതിക്ക് കാരണമായാൽ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാം. ഈ രീതി അനുവർത്തിക്കുമെന്നാണ് ഗവർണർ സൂചന നൽകിയത്.
ഗവർണറുടെ ട്വീറ്റ് ഇന്നലെ തന്നെ വൻ വിവാദമായിരുന്നു. സർക്കാറും ഗവർണറും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന ഭിന്നതക്ക് ആക്കം കൂട്ടുംവിധമാണ് മന്ത്രിമാരെ പുറത്താക്കുമെന്ന ഭീഷണിയുമായി ഗവർണർ പരസ്യമായി രംഗത്തുവന്നത്. സർവകലാശാല വിഷയത്തിൽ ഗവർണർക്കെതിരെ മന്ത്രി ആർ. ബിന്ദു അടക്കം നടത്തിയ പരാമർശമാണ് ഗവർണറെ ചൊടിപ്പിച്ചതെന്നാണ് സൂചനകൾ.
മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി അടക്കമുള്ള ഭരണഘടന വിദഗ്ധർ അഭിപ്രായപ്പെട്ടു. ഗവർണർക്ക് ഇതിന് അധികാരമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഭരണഘടനാപരമായി ചെറുക്കുമെന്ന് വ്യക്തമാക്കി.
കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ െസർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല തയാറാകാത്തതിനെ തുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവർണർ നീക്കിയിരുന്നു. ഇവർ ഒഴിഞ്ഞുനിന്നതിനെ തുടർന്ന് േക്വാറം തികയാത്തതിനാൽ സിൻഡിക്കേറ്റ് യോഗത്തിന് പ്രതിനിധിയെ തെരഞ്ഞെടുക്കാനായിരുന്നില്ല.
ആർ.എസ്.എസിന്റെ പാളയത്തിൽ പോയാണ് ഗവർണർ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. പാസാക്കിയ സർവകലാശാല ഭേദഗതി ബിൽ ഇപ്പോഴും ഒപ്പിടാതെ ഗവർണറുടെ ൈകയിലുണ്ടെന്നും ബില്ലിൽ ന്യൂനതകളുണ്ടെങ്കിൽ അതു ചൂണ്ടിക്കാട്ടി തിരിച്ചയക്കുകയോ സർക്കാറിന്റെ അഭിപ്രായം ആരായുകയോ ചെയ്യാതെ ബിൽ പിടിച്ചുെവച്ചിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.