ക്രമസമാധാനപാലനത്തിന് സർക്കാരിന് താൽപര്യമില്ലെന്ന ഗവർണറുടെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തത് -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ക്രമസമാധാനപാലനത്തിനും ഭരണനിർവഹണത്തിനും സർക്കാരിന് താൽപര്യമില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ക്രമസമാധാന വിഷയത്തിൽ സർക്കാരിനെ മാധ്യമങ്ങളിലൂടെ വിമർശിക്കുന്ന ഗവർണർ ആദ്യം ചെയ്യേണ്ടത് അത്തരം ഒരു പരാതി ഉണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കുക എന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു.
ഒരു സാധാരണ ബി.ജെ.പി. നേതാവിനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. വിഴിഞ്ഞം വിഷയത്തിൽ സർക്കാർ എന്താണ് ചെയ്തതെന്ന് മനസിലാക്കാതെയാണ് ഗവർണറുടെ വിമർശനം. ഗവർണർ ആദ്യം ചെയ്യേണ്ടത് വിഴിഞ്ഞത്ത് ക്രമസമാധാനം നിലനിർത്താൻ സർക്കാർ എന്തൊക്കെ ചെയ്തുവെന്ന് അന്വേഷിക്കലാണ്.
സർക്കാരിനെ സഹായിക്കാൻ ബാധ്യതയുള്ള ഗവർണർ പ്രതിപക്ഷ നേതാവിനെ പോലെയാണ് പ്രവർത്തിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രിയെ വിമർശിക്കുകയാണ് ഗവർണറുടെ ഹോബി. അതേസമയം, താൻ താമസിക്കുന്ന രാജ്ഭവന്റെ ആർഭാടം കൂട്ടാനും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനുമുള്ള ആവശ്യങ്ങൾ നിരന്തരം ഉന്നയിക്കുന്നതിൽ ഗവർണർ യാതൊരു മടിയും കാണിക്കുന്നില്ല.
ഒരു ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത് സർക്കാരിന്റെ തീരുമാന പ്രകാരമാണ്. സർക്കാർ ഏത് ബില്ല് അവതരിപ്പിക്കണമെന്ന് പറയാനുള്ള അധികാരം ഗവർണർക്കില്ല. വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നിരവധി പൊലീസുകാരാണ് ആശുപത്രിയിലുള്ളത്. വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിൽ രാജ്യാന്തര ഏജൻസി ഉണ്ടെന്ന ആരോപണങ്ങളോട് ഗവർണറുടെ മറുപടി എന്താണെന്നും മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.