ഗ്രാറ്റുവിറ്റി കേസുകൾ തീർപ്പാക്കാൻ സംസ്ഥാനത്ത് പൊതു അദാലത്ത് ഉടനെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാറ്റുവിറ്റി കേസുകൾക്കും അടിയന്തിരമായി പരിഹാരം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും പൊതു അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം തൊഴിൽ ഭവനിലെ ലേബർ കമ്മിഷണറേറ്റ് കോൺഫറൻസ്ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ പ്രവർത്തി അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായ തർക്ക നിയമപ്രകാരമുള്ള തൊഴിൽ തർക്കങ്ങൾ, ഗ്രാറ്റുവിറ്റി, ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ് അപ്പീൽ (സ്റ്റാന്റിംഗ് ഓർഡർ) എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്ക് പ്രഥമപരിഗണന നൽകി പരിഹരിക്കുന്നതിനുള്ള നടപടികൾ ഉദ്യോഗസ്ഥർ അടിയന്തിരമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളിലും ഒരു മാസം നീണ്ടു നിൽ്ക്കുന്ന പരിശോധനാ -ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പുകൾ , ലഹരിക്കെതിരെയുള്ള ബോധവത്കരണം, ശുചിത്വാവബോധം എന്നിവ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വൻകിട കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമൂലം നിരവധി തൊഴിലാളികൾ അപകടത്തിൽ പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതടക്കമുള്ള വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ ജീവന് സുരക്ഷ നൽകുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ നിർമ്മാണ സൈറ്റുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണം. മരം കയറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരമുള്ള് അപേക്ഷകളിൽ സമയബന്ധിതമായി ആനുകൂല്യം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
കേരള ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരവും മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ, റിന്യൂവൽ എന്നിവ നൂറ് ശതമാനം കൈവരിക്കണം.സ്ഥാപനങ്ങളിൽ പരിശോധന നടത്തുമ്പോൾ ഇരിപ്പിടാവകാശം പോലെ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.വേണ്ടത്ര പരിശോധന നടത്താതെ ചില ഉദ്യോഗസ്ഥർ ചുമട്ടു തൊഴിലാളികൾക്കുള്ള 26 എ കാർഡുകൾ നൽകുന്നതായുള്ള പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ലേബർ സെക്രട്ടറി സൗരഭ് ജെയിൻ , ലേബർ കമീഷണർ ഡോ കെ വാസുകി, അഡീ. സെക്രട്ടറിമാരായ എൻ കെ ചന്ദ്ര, ബി പ്രീത, ജോയന്റ് സെക്രട്ടറി ഷൈജ സിജി,അഡീ ലേബർ കമ്മിഷണർമാരായ രഞ്ജിത് പി മനോഹർ, കെ ശ്രീലാൽ, കെ എം സുനിൽ, അണ്ടർ സെക്രട്ടറി ലിയാ ലത്തീഫ് എന്നിവരും ജില്ലാ ലേബർ ഓഫീസർ മുതൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.