രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണ ജോർജ് കൂട്ടുനിന്നു; ആരോപണവുമായി അനുപമ
text_fieldsതിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകാനുള്ള ലൈസൻസ് ഇല്ലാതിരിക്കെ കുടുംബകോടതിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി വ്യാജ രേഖ സമർപ്പിച്ച് തെറ്റിദ്ധരിപ്പിച്ചെന്ന് അനുപമ. പേരൂർക്കട പൊലീസിന് നൽകിയ പരാതിയിൽ ഒരു മാസമായിട്ടും മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ലെന്നും അവർ ആരോപിച്ചു.
കുടുംബകോടതിയിൽ ശിശുക്ഷേമസമിതി സത്യവാങ്മൂലം നൽകുമ്പോഴും നിലവിലും സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിന് ദത്ത് നൽകൽ ലൈസൻസ് ഇല്ല. കുട്ടിയെ കൈമാറാനുള്ള നവംബർ 24 ലെ കുടുംബകോടതി ഉത്തരവിൽ 2019 മാർച്ച് 12- 2024 മാർച്ച് 11 കാലയളവിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ തർക്കം അവസാനിക്കുന്നെന്നാണ് കോടതി പറഞ്ഞത്.
കോടതിയെ കൊല്ലം കച്ചേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിെൻറ ലൈസൻസ് കാണിച്ച് ശിശുക്ഷേമസമിതി കബളിപ്പിച്ചതാണ്. ബാലാവകാശ കമീഷനിൽ ശിശുക്ഷേമ സമിതി നൽകിയത് ഓർഫനേജ് രജിസ്ട്രേഷൻ മാത്രമാണ്. കേസിൽ താൻ കക്ഷിയായിട്ടും കുടുംബ കോടതിയിൽ സമിതിയും വകുപ്പും നൽകിയ രേഖകൾ നൽകാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിന് നൽകിയ ഇൻ കൺട്രി അഡോപ്ഷൻ ലൈസൻസ് 2016 ജൂലൈ ഒന്ന് മുതൽ 2021 ജൂൺ 30 വരെയാണ്. നിലവിൽ സമിതിക്കുള്ളത് സ്പെഷൽ സെക്രട്ടറിയുടെ 2017 മുതൽ അഞ്ചുവർഷം കാലാവധിയുള്ള 2022 ഡിസംബർ 19 ന് അവസാനിക്കുന്ന ഓർഫനേജ് അംഗീകാര സർട്ടിഫിക്കറ്റ് മാത്രമാണ്. ഇത് കാണിച്ച് ദത്ത് നൽകാൻ കഴിയില്ല. കൃത്രിമ ലൈസൻസ് നൽകി ഗവൺമെൻറ് പ്ലീഡറും ശിശുക്ഷേമ സമിതി വക്കീലും ചേർന്ന് കോടതിയെ കബളിപ്പിച്ചു.
വകുപ്പ് മന്ത്രി വീണ ജോർജാണ് ലൈസൻസ് ഉണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രി രാജിവെക്കണം. വ്യാജരേഖ നിർമിച്ച ക്രിമിനൽ കുറ്റത്തിന് ഷിജുഖാനെ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണം. ഗവ. പ്ലീഡറെ മാറ്റി കേസെടുക്കണം. ആരോപണം തെറ്റാണെങ്കിൽ ലൈസൻസ് പുറത്ത് വിടണമെന്നും ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.