സൈബര്‍ കുറ്റങ്ങള്‍ നേരിടേണ്ടിവന്നവര്‍ പരാതിപ്പെടാന്‍ മുന്നിട്ടിറങ്ങണം: മന്ത്രി വീണാ ജോര്‍ജ്
text_fieldsതിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവമുള്ള കുറ്റമാണെന്നും അത് അഭിമുഖീകരിക്കേണ്ടിവന്നവര്‍ പരാതി നല്‍കാന്‍ മടിച്ചുനില്‍ക്കാതെ മുന്നോട്ടുവരണമെന്നും ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ അതിശക്തമായി നേരിടുന്നതിന് നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 20 സൈബര്‍ പൊലീസ് സ്റ്റേഷനുകളും സൈബര്‍ സെല്ലുകളും രൂപീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കേരള വനിതാ കമ്മിഷന്‍ ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ സ്വകാര്യതാ അവകാശം, സൈബര്‍ലോകത്തെ പ്രശ്‌നങ്ങള്‍, സുരക്ഷയും സോഷ്യല്‍മീഡിയയുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.
സൈബര്‍ ബുള്ളീയിങ്, പോര്‍ണോഗ്രഫിക് ഉള്ളടക്കങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പലതരം കുറ്റകൃത്യങ്ങളാണ് സൈബറിടത്തില്‍ ഉള്ളത്. ഇവയില്‍ പലതിനെക്കുറിച്ചും പലര്‍ക്കും അറിയില്ല എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. സൈബര്‍ ചൂഷണങ്ങളെ സംബന്ധിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ചും അതിനെതിരായ നിയമങ്ങളെ സംബന്ധിച്ചും പൊതുബോധം രൂപീകരിക്കുന്നതിനുവേണ്ടി വളരെ ഫലപ്രദമായ ബോധവത്കരണ പരിപാടിയാണ് കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്നത്- മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി അധ്യക്ഷത വഹിച്ചു. കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ സ്വാഗതം ആശംസിച്ചു. കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
തുടര്‍ന്ന് സ്ത്രീകളും സോഷ്യല്‍മീഡയയും എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ആര്‍.പാര്‍വതീദേവി, സ്വകാര്യതയ്ക്കുള്ള അവകാശം, സൈബര്‍ലോകത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും സൈബര്‍ സുരക്ഷയും എന്ന വിഷയത്തില്‍ ലോകായുക്ത പൊലീസ് സൂപ്രണ്ട് എ.യു. സുനില്‍കുമാര്‍, സൈബര്‍ ലോകത്തെ സുരക്ഷിത സാമൂഹിക ഇടപെടലും മുന്‍കരുതലുകളും എന്ന വിഷയത്തില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ധന്യാ മേനോന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കേരള വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണ്‍ നന്ദി പറഞ്ഞു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.