എ.ഡി.എം നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് വീണ ജോര്‍ജ്: ‘സത്യസന്ധൻ, കൈക്കൂലിക്കാരനല്ല, വിയോഗം അത്യന്തം ഹൃദയഭേദകം’
text_fieldsപത്തനംതിട്ട: ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു അഴിമതിക്കാരനല്ലെന്നും സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അദ്ദേഹത്തിന്റെ വിയോഗം അത്യന്തം ഹൃദയഭേദകമാണ്. വ്യക്തിപരമായി വളരെയധികം ദുഃഖമുണ്ടാക്കുന്ന ഒരു സാഹചര്യമാണിതെന്നും വീണ ജോര്‍ജ് പറഞ്ഞു.
പി.പി. ദിവ്യയുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു പ്രതികരണം ഉണ്ടായത് ശരിയായോ എന്ന ചോദ്യത്തിന് ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടുമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഇതൊരു മരണ വീട് ആയതുകൊണ്ടുതന്നെ ഇത്തരം പ്രതികരണങ്ങള്‍ പിന്നീട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
ഏത് കാര്യവും ഏല്‍പ്പിക്കാന്‍ കഴിയുന്ന, അഴിമതിക്കാരന്‍ അല്ലാത്ത ഒരു ഉദ്യോഗസ്ഥനായിരുന്നു. ഒരുപാട് വര്‍ഷങ്ങളുടെ ബന്ധം നവീന്‍ ബാബുവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഉണ്ട്. പത്തനംതിട്ട ജില്ലയിലെ റവന്യു വകുപ്പിന്റെ എല്ലാ കാര്യങ്ങളിലും സഹകരിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. 2018, 2021 വര്‍ഷങ്ങളിലെ പ്രളയകാലത്തും കോവിഡ് സമയങ്ങളിലുമെല്ലാം നന്നായി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു.
എ.ഡി.എമ്മിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു കൈക്കൂലിക്കാരനല്ല, ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അതുമാത്രമല്ല, ഏത് കാര്യങ്ങളും അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ കഴിയുമായിരുന്നു. 2018-ലും 2021-ലും കോവിഡ് സമയത്തുമെല്ലാം അദ്ദേഹത്തെ ഏല്‍പ്പിച്ച കാര്യങ്ങളെല്ലാം വളരെ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കിയ വ്യക്തിയാണ്.
ഒരു നാട് മുഴുവനല്ല, അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് പോലും വിഷമമുണ്ടാക്കുന്ന സംഭവമാണ് നവീന്‍ ബാബുവിന്റെ വിയോഗം. സര്‍ക്കാര്‍ ഇത് സമഗ്രമായ രീതിയില്‍ അന്വേഷിക്കും. റവന്യു മന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിലുള്ള അന്വേഷണം നടത്തുമെന്ന് എം.വി. ജയരാജൻ അറിയിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.