പുറത്തുനിന്നുള്ളവർ വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയെന്ന് മന്ത്രി വീണ ജോർജ്
text_fieldsതിരുവനന്തപുരം: വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതർ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കലിനിടെ രോഗി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ഞായറാഴ്ച ഉച്ചക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു. വൈകീട്ട് 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിലെത്തി. എന്നാൽ, വൃക്കയുള്ള പെട്ടി വാങ്ങാൻ ആരുമുണ്ടായിരുന്നില്ല. പിന്നീട് ചില ജീവനക്കാരെത്തിയാണ് പെട്ടി വാങ്ങിയത്. അതാണ് അന്വേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഏകോപനത്തിൽ വീഴ്ചയുണ്ടായെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. രോഗിയുടെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിക്ക് ഒഴിയാനാവില്ല -സതീശൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്കരോഗി മരിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ആരോഗ്യമന്ത്രിക്കോ സര്‍ക്കാറിനോ ഒഴിഞ്ഞുമാറാനാകില്ല. എറണാകുളത്ത് മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ വൃക്കയുമായി കൃത്യസമയത്തു തന്നെ ആംബുലന്‍സ് എത്തിയിരുന്നു. എന്നാല്‍, ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. ഇതിനു പിന്നാലെ രോഗി മരിച്ചു.
നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയക്കുവേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടും സെക്യൂരിറ്റി അലര്‍ട്ട് നല്‍കിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപറേഷന്‍ തിയറ്ററിനു മുന്നിലെ കാത്തുനില്‍പ്പും കാരണം വിലയേറിയ 10 മിനിറ്റ് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടത്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.