നിപയുടെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം; കൂടുതൽ സാമ്പിളുകൾ പരിശോധിക്കും -ആരോഗ്യ മന്ത്രി
text_fieldsകോഴിക്കോട്: നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ഏഴു പേരുടെ സമ്പിളുകൾ പൂണെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ സാമ്പിളുകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
മൃഗസാമ്പിളുകൾ പരിശോധിക്കാൻ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 188 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. സമ്പർക്കപ്പട്ടിക കുറ്റമറ്റതാക്കാൻ നടപടികൾ വേഗത്തിലാക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ വൈറോളജി ലാബ് സജ്ജീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സംഘത്തിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ സംസ്ഥാനത്തെത്തും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തും.
നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള പരിശീലനം ആശ വർക്കർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നൽകും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് ഐ.എം.എയുടെ സഹായത്തോടെ പരിശീലനം നൽകും.
ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, സെക്രട്ടറിമാർ എന്നിവരുമായി ചർച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.