'മഞ്ഞിൽ പ്രസാദ'മായി മന്ത്രി; അറിവുകളുടെ അറ തുറന്ന് രാമൻ'
text_fieldsകൽപറ്റ: മഞ്ഞുവീഴുന്ന പുലരിയിൽ കമ്മനയിലെ പുല്ലുമേഞ്ഞ ചെറുവയൽ തറവാട്ടിലേക്ക് മന്ത്രിയെത്തി. കോലായിലെ പുൽപായയിൽ ചമ്രം പടിഞ്ഞിരുന്ന് കൃഷിയറിവുകളുടെ കെട്ടഴിച്ച പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനെ ചേർത്തുപിടിച്ച് കൃഷി മന്ത്രി പി. പ്രസാദ് ആ അറിവുകൾക്ക് ആദരവ് പകർന്നു. ഇറ താണ നീളന്‍ വരാന്തയിൽ രാമനൊപ്പം ചെലവിട്ട ഒന്നരമണിക്കൂറിൽ മന്ത്രി തനി ഗ്രാമീണനായി മാറി.
ഒരു മാസം മുമ്പ് ഓണ്‍ലൈനായി നടന്ന ഇരുവരും പങ്കെടുത്ത ചടങ്ങിനിടെ ചെറുവയല്‍ രാമനോട് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് വരുമെന്ന് മന്ത്രി പ്രസാദ് പറഞ്ഞിരുന്നു. അതനുസരിച്ച് ശനിയാഴ്ച രാവിലെ ഏഴരയോടെ വയനാട് കമ്മന ചെറുവയലിലെ പുല്ലുമേഞ്ഞ ചെറുവയല്‍ തറവാട്ടുമുറ്റത്തെത്തിയപ്പോള്‍ കുടുംബത്തിന് അതിശയത്തോടൊപ്പം നിറഞ്ഞ സന്തോഷവും.
'സാറ് വാക്കു പാലിച്ചല്ലോ' എന്നു പറഞ്ഞാണ് രാമൻ മന്ത്രിയെ വീട്ടിലേക്ക് സ്വീകരിച്ചത്. വീട്ടിലെത്തിയ മന്ത്രിയെ പത്തായപ്പുരയും നെല്ല് സൂക്ഷിക്കുന്ന അറയുമെല്ലാം കുടുംബം കാണിച്ചു. സ്വന്തം പാടത്ത് വിളയിച്ച മരതൊണ്ടി നെല്ല് ഉരലില്‍ കുത്തിവെളുപ്പിച്ച അരിയുടെ കഞ്ഞിയും വയനാടന്‍ ചേമ്പുമടങ്ങിയ പ്രഭാത ഭക്ഷണവും രാമൻ മന്ത്രിക്കായി ഒരുക്കിയിരുന്നു. ഒപ്പം ചെമ്മീന്‍ ചമ്മന്തിയും റെഡി.
പുൽപായയിലിരുന്ന് മന്ത്രി പ്രഭാതഭക്ഷണം ആസ്വദിച്ച് കഴിച്ചു. പുറപ്പെടാൻ നേരം കുറിച്യരുടെ പരമ്പരാഗത ആയുധമായ അമ്പും വില്ലും മന്ത്രി ഒന്നു പരീക്ഷിക്കണമെന്നായി രാമൻ. ചെറിയ പരിശീലനത്തിനൊടുവില്‍ ലക്ഷ്യത്തിലേക്ക് മന്ത്രി പ്രസാദ് വില്ലുകുലച്ചു.
ഒടുവിൽ യാത്രയാക്കാന്‍ വാഹനത്തിനരികില്‍ എത്തിയ ചെറുവയല്‍ രാമന് മന്ത്രിയുടെ വക സല്യൂട്ട്. അഭിമാനത്തോടെ തിരിച്ച് രാമന്‍റെ പ്രത്യഭിവാദ്യവും. മണ്ണില്‍ പണിയെടുക്കുന്ന കൃഷിക്കാരന്‍റെ മനസ്സ് നിറയണമെന്നും കണ്ണ് നിറയരുതെന്നും ജപ്തി പോലുള്ള നടപടികള്‍ പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എച്ച്.ബി. പ്രദീപ്, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.