സമരക്കാരുമായി മന്ത്രിതല ചർച്ച ഇന്ന്; പ്രതീക്ഷയോടെ ഉദ്യോഗാർഥികൾ
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി മന്ത്രി എ.െക. ബാലൻ ഞായറാഴ്ച ചർച്ച നടത്തും. സി.പി.ഒ, എൽ.ജി.എസ് ഉദ്യോഗാർഥികളെയാണ് രാവിലെ 11ന് ചർച്ചക്ക് ക്ഷണിച്ചത്. ആഴ്ചകളായി സമരം തുടരുന്ന ഉദ്യോഗാർഥികളുമായി ആദ്യമായാണ് മന്ത്രിതലത്തിൽ ചർച്ച നടക്കുന്നത്.
അതുകൊണ്ട് തന്നെ പെരുമാറ്റച്ചട്ടത്തിെൻറ പരിമിതികളുണ്ടെങ്കിലും പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. രണ്ട് സാധ്യതകളാണ് സി.പി.ഒ റാങ്കുകാർ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതിയോടെയുള്ള സ്പെഷൽ റൂൾ പുറപ്പെടുവിക്കലാണ് ഇതിലൊന്ന്.
രണ്ടാമത്തേത് കോടതിയിൽ നടക്കുന്ന കേസിൽ ഉദ്യോഗാർഥികൾക്ക് അനുകൂലമായി നിലപാട് സർക്കാർ സ്വീകരിക്കലും. ഇതിനിടെ സമരത്തിന് പിന്തുണയുമായി സി.പി.െഎ നേതാവ് സി. ദിവാകരനും സമരപ്പന്തലിലെത്തിയിരുന്നു. തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്മാറണമെന്ന് എൽ.ജി.എസ് ഉദ്യോഗാർഥികേളാട് അനൗദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സാധ്യമല്ലെന്ന് സമരക്കാർ വ്യക്തമാക്കി. അതേസമയം വാച്ചർമാരുടെ ജോലി സമയം പുനഃക്രമീകരിച്ച് കൂടുതൽ തസ്തിക സാധ്യമാക്കൽ, ഹയർ സെക്കൻഡറിയിലെ ഒ.എ തസ്തിക അനുവദിക്കൽ എന്നീ ആവശ്യങ്ങളിൽ അനുകൂല നിലപാടുണ്ടാകണമെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്. നൈറ്റ് വാച്ചർമാരുടെ ജോലി സമയം കുറയ്ക്കണമെന്ന മനുഷ്യാവകാശ കമീഷെൻറ ഉത്തരവ് വന്നത് 2020 ഡിസംബറിലാണ്.
2021 മാർച്ച് 31ന് മുമ്പ് ക്രമീകരണം വരുത്തണമെന്നാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് കമീഷെൻറ ഉത്തരവിറങ്ങിയത് എന്നതിനാൽ പെരുമാറ്റച്ചട്ടം ബാധകമാകില്ലെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
ഇവരുടെ അനിശ്ചിതകാല നിരാഹാരവും തുടരുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് റിജു, ബിജേഷ് എന്നിവർ നിരാഹാരം അവസാനിപ്പിച്ചു.
പകരം വിഷ്ണു (കോട്ടയം), അഖിൽ (കോഴിക്കോട്), മുഹമ്മദ് റസിൻ (കാസർകോട്) എന്നിവർ നിരാഹാരം ആരംഭിക്കുകയും ചെയ്തു. അതേസമയം റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റാങ്ക് ഹോൾഡർമാർ, കെ.എസ്.ആർ.ടി.സി റിസർവ് കണ്ടക്ടർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ എന്നിവരെ ചർച്ചക്ക് ക്ഷണിച്ചിട്ടില്ല. ഇവർ സെക്രേട്ടറിയറ്റിന് മുന്നിൽ സമരം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.