എസ്.എഫ്.ഐക്കാർക്ക് ഷെയ്ക്ക് ഹാൻഡ് കൊടുക്കണമെന്ന് മന്ത്രി റിയാസ്; ഗവർണർ ഹീറോയാകാനുള്ള ശ്രമമെന്ന് മന്ത്രി ശശീന്ദ്രൻ, കാറിൽ നിന്നിറങ്ങാൻ പാടുണ്ടോയെന്ന് മന്ത്രി പി.രാജീവ്
text_fieldsകോട്ടയം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് മുന്നിൽ ചാടിവീണ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ ന്യായീകരിച്ച് മന്ത്രിമാർ രംഗത്തെത്തി. ഗവർണർ ഹീറോ ആകാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും ഗവർണർ കാറിൽ നിന്ന് ഇറങ്ങാൻ പാടുണ്ടോയെന്ന് മന്ത്രി പി.രാജീവും ചോദിച്ചു. പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് ഷെയ്ക്ക് ഹാൻഡ് കൊടുക്കുകയാണ് വേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു.
ഗവർണർ തരം താണ ഒരു ആർ.എസ്.എസുകാരനെ പോലെ പ്രവർത്തിച്ചെന്നും കരിങ്കൊടി കാണിച്ചപ്പോൾ കാറിൽ നിന്നിറങ്ങി ഗുണ്ടകളെ പോലെ പെരുമാറിയെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റപ്പെടുത്തി.
നവകേരള യാത്രയ്‌ക്കെതിരെ നടക്കുന്നതു പോലെ അപ്രഖ്യാപിത സമരമല്ല അവിടെ നടന്നത്. ഗവർണറാണ് കാറിന്റെ വാതില്‍ തുറന്ന് ആരെടാ നിങ്ങള്‍ എന്ന മട്ടില്‍ ഇറങ്ങിവന്നത്. അത് പ്രകോപനം സൃഷ്ടിക്കാന്‍ മനപൂര്‍വം ഉണ്ടാക്കിയതാണ്. ഗവര്‍ണറും കേരളത്തിലെ പ്രതിപക്ഷവും ഉള്‍പ്പെടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ശശീന്ദ്രൻ കുറ്റപ്പെടുത്തി.
അതേസമയം, ഗവർണർക്കെതിരെയുള്ള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുള്ളതല്ലെന്നും ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമായിരുന്നെന്നും പി.രാജീവ് പറഞ്ഞു. മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവർ പ്രവർത്തിക്കേണ്ടതെന്നും കാറിന് പുറത്തിറങ്ങാൻ പാടണ്ടോയെന്നും പി.രാജീവ് ചോദിച്ചു. വീഴ്ചയുണ്ടായോ ഇല്ലയോ എന്ന് റിപ്പോർട്ട് കിട്ടിയാലെ പറായാനാകൂവെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, കാമ്പസിലെ കാവിവത്കരണത്തെ ചെറുക്കുകയാണ് എസ്.എഫ്.ഐ ചെയ്തതെന്നും എസ്.എഫ്.ഐയെ പോലെ തന്നെ ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം സതീശനും കെ.എസ്.യുവിനുമുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിൽ എസ്.എഫ്.ഐക്ക് ഷെയ്ക്ക് ഹാൻഡ് നൽകുകായാണ് വേണ്ടതെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.
ഗവർണർക്കു നേരെയുണ്ടായ ഈ സംഭവം കേന്ദ്ര ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ സ്വമേധയാ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിനു ശേഷമാകും നടപടികളെക്കുറിച്ച് ആലോചിക്കുക.
തിരുവനന്തപുരം പേട്ട പള്ളിമുക്കിൽ തിങ്കളാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കരിങ്കൊടി വീശിയും കാറിലിടിച്ചും എസ്.എഫ്.ഐ പ്രതിഷേധം കനപ്പിപ്പച്ചതോടെ കാറിൽ നിന്നിറങ്ങി ക്ഷുഭിതനായ ഗവർണർ സമരക്കാർക്ക് നേരെ പാഞ്ഞടുത്തു.
‘ബ്ലഡി ഫൂൾസ്, ക്രിമിനൽസ്’ എന്നു വിളിച്ച ഗവർണർ അടിക്കാൻ വന്നവരാണെങ്കിൽ വരാൻ വെല്ലുവിളിച്ചതോടെ രംഗം വഷളായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും തന്നെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയും പാർട്ടിയുമാണെന്ന ഗുരുതര ആരോപണം ഗവർണർ ഉന്നയിച്ചതോടെ വലിയ രാഷ്ട്രീയ വിവാദമായി പടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.