'പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശുദ്ധ അസംബന്ധം; ജാതിയും മതവും നോക്കി മന്ത്രിമാർ വോട്ട് ചോദിച്ചിട്ടില്ല'
text_fieldsതിരുവനന്തപുരം: ജാതിയും മതവും നോക്കി മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനെ പോലുള്ള ഒരാൾ പറയേണ്ട കാര്യമല്ലിത്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ നാട്ടുകാരുടെ മുന്നിൽ വിളിച്ചു പറയരുതെന്നും പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് എം.എൽ.എമാർ അടക്കമുള്ളവർ പ്രചരണത്തിന് പോകുന്നതിൽ തെറ്റില്ല. തെരഞ്ഞെടുപ്പ് പ്രചരണം രഹസ്യമായി നടക്കുന്നതല്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
കെ.വി തോമസ് ധീരമായ നിലപാടാണ് സ്വീകരിച്ചത്. തോമസിന്‍റെ നിലപാട് എൽ.ഡി.എഫിന് ഗുണം ചെയ്യും. നാടിന്‍റെ വികസനമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. വികസന വിരുദ്ധ നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. അതിനോട് യോജിക്കാനാവില്ല. വികസനത്തിന് അനുകൂല നിലപാടാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നത്.
സിൽവർ ലൈനിനെതിരായ കുപ്രചാരണങ്ങളെ തുറന്നുകാട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി മുന്നോട്ടു പോകും. പ്രഖ്യാപിച്ച ഒരു പരിപാടിയിൽ നിന്നും പിന്മാറില്ല. സിൽവർ ലൈനിനെതിരെ വലിയ പ്രതിഷേധം നടന്ന മേഖലയിലും തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.