നവകേരള സദസ്സ്: സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മന്ത്രിമാര്‍
text_fieldsമുക്കം: സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തിയും മന്ത്രിമാര്‍. മുക്കത്ത് നടന്ന തിരുവമ്പാടി നിയോജക മണ്ഡലം നവകേരള സദസ്സിലാണ് മന്ത്രിമാർ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്. മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അഗസ്റ്റിന്, സജി ചെറിയാന് എന്നിവരാണ് ആദ്യ സംഘത്തില്‍ മുക്കത്ത് എത്തിയത്. നവകേരള സദസ്സിന് നാടൊട്ടുക്കും ലഭിക്കുന്ന വലിയ സ്വീകാര്യത ജനകീയ മന്ത്രിസഭക്കുള്ള അംഗീകാരമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 2025 ഓടെ കേരളത്തിൽനിന്ന് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള അവസാന ഘട്ട പ്രവർത്തനത്തിലാണ് സർക്കാർ.
ഭൂമിയും വീടും തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായങ്ങളുമെല്ലാം സർക്കാർ ഉറപ്പാക്കിയതോടെ അതിദരിദ്രരുടെ എണ്ണം കുറക്കാൻ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. മുക്കത്തെ സദസ്സിന്റെ പ്രവേശന കവാടത്തിലുള്ള സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ തുരങ്കപാതയുടെ മാതൃക പ്രഖ്യാപനമല്ല പ്രവൃത്തിയാണ് സര്‍ക്കാറിന്റെ രീതിയെന്നതിന്റെ ഉദാഹരണമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
പ്രളയത്തിൽ തകർന്ന റോഡുകൾക്കും പാലങ്ങൾക്കും മുന്നിൽ തലകുനിച്ച് നിൽക്കാതെ കൂടുതൽ ശക്തിയിൽ അവ പുനർനിർമിക്കാൻ സർക്കാറിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന തുല്യ പരിഗണന കേന്ദ്രം കേരളത്തിനും നല്‍കണമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. അനുവദിക്കപ്പെട്ട കടമെടുപ്പ് പോലും നിഷേധിച്ച് കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്. ഏറ്റവും കൂടുതല്‍ കടമെടുത്ത ഗുജറാത്തിന്റെ മുന്‍ മുഖ്യമന്ത്രിയാണ് നമ്മുടെ പ്രധാനമന്ത്രി. കേരളത്തെ സാമ്പത്തികമായി തകര്‍ത്ത് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക എന്നതാണ് ബി.ജെ.പി സര്‍ക്കാറിന്റെ ശ്രമം. എന്നാല്‍, കേരളത്തിന്റെ തനത് വരുമാനം കൊണ്ട് പ്രതിസന്ധികള്‍ തരണം ചെയ്യാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.