അവർ അപ്പോൾ മന്ത്രിമാരായിരുന്നില്ല...
text_fieldsതൃശൂര്‍: അവർ അപ്പോൾ മന്ത്രിമാരായിരുന്നില്ല... പടമെടുക്കാൻ മാധ്യമപ്രവർത്തകരുണ്ടായിരുന്നില്ല, പോസ് ചെയ്യാൻ അവർക്ക് നേരവുമുണ്ടായിരുന്നില്ല. തിരുവോണ നാളിലെ വെളുപ്പാൻ കാലത്ത് അരിച്ചാക്കും കുപ്പിവെള്ള ബണ്ടിലുകളും വസ്ത്രങ്ങളും പച്ചക്കറികളും ചുമക്കുകയായിരുന്നു അവർ -തൃശൂർ ജില്ലയിലെ മന്ത്രിമാർ.
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് എത്തിക്കാൻ വി.കെ.എന്‍. മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സെൻററിലെത്തിയ സാധനസാമഗ്രികള്‍ ലോറിയിൽ നിന്ന് ഇറക്കാനാണ് സി. രവീന്ദ്രനാഥും വി.എസ്. സുനില്‍കുമാറും ചേർന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സംഭരണ വിതരണകേന്ദ്രത്തില്‍ ഓണാഘോഷം മാറ്റി വെച്ച് എത്തിയ വളൻറിയര്മാര്ക്കൊപ്പമാണ് മന്ത്രിമാരും കൂടിയത്.
രാവിലെ ആറോടെ മന്ത്രിമാരെത്തുമ്പോൾ അവധിയില്ലാത്ത സർക്കാർ ജീവനക്കാരും സന്നദ്ധ സംഘടന പ്രവർത്തകരുമടങ്ങുന്ന വളൻറിയർമാർ എത്തുന്നേയുണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് സാധനങ്ങളുമായി ലോറിയെത്തിയത്. എങ്ങനെ ഇറക്കുെമന്ന് ആലോചന തുടങ്ങും മുമ്പേ നമ്മൾ ഇറക്കുകയല്ലേയെന്ന് മന്ത്രിമാർ. ഇറക്കുന്നതിനിടയിൽ മന്ത്രി രവീന്ദ്രനാഥ് സി.പി.എം ഓഫിസിലേക്കും സുനിൽകുമാർ സി.പി.ഐ ഓഫിസിലേക്കും പരിചയക്കാരെയും വിവരം അറിയിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം യു.പി. ജോസഫിെൻറ നേതൃത്വത്തിൽ ആദ്യസംഘമെത്തി.
പിന്നാലെ ജില്ല സെക്രട്ടറി എം.എം. വർഗീസും തൊട്ടു പിന്നാലെ സി.പി.ഐ സംഘവും. ഭക്ഷണസാമഗ്രികള്‍ പായ്ക്ക് ചെയ്യാന്‍ കൂടുതല്‍ വളൻറിയര്‍മാരുടെ സേവനം ആവശ്യമാണെന്ന മന്ത്രിമാരുടെ അറിയിപ്പ് വാട്സ്അപ്പിലും മറ്റ് മാധ്യമങ്ങളിലൂടെയും പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തകരും എത്തി. ഉച്ചയാവുമ്പോഴേക്കും ഇൻഡോർ സ്റ്റേഡിയത്തിൽ വളൻറിയർമാർ സജീവമായി. ഒാണ സദ്യ ക്യാമ്പിലെത്തിച്ച ഭക്ഷണം കഴിച്ച് വീണ്ടും അവർ സജീവമായി. വൈകുന്നേരമാവുമ്പോഴേക്കും പതിനായിരത്തിലധികം കിറ്റുകളാണ് സംഘം വിതരണത്തിന് തയ്യാറാക്കിയത്. പാതിരാത്രിയിലാണ് ഇരു മന്ത്രിമാരും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.