പശുവിനെ സമ്മാനിച്ച് മന്ത്രിമാർ; നൊമ്പരം മറന്ന് കൃഷ്ണപ്രിയ
text_fieldsതൃശൂർ: ഓട്ടൻതുള്ളലിൽ എ ഗ്രേഡ് കിട്ടിയെങ്കിലും വീട്ടിലെ ഉപജീവനമാർഗമായിരുന്ന പശുവിനെ വിറ്റതിന്റെ നൊമ്പരം ഇന്നലെ വരെ കൃഷ്ണപ്രിയ മറന്നിട്ടില്ലായിരുന്നു. അച്ഛൻ കുമാരനും അമ്മ ഓമനയും മകൾ കലോത്സവത്തിൽ വിജയിക്കണമെന്ന പ്രാർഥനയോടെ വീട്ടിലെ പശുവിനെ വിറ്റപ്പോൾ കൃഷ്ണപ്രിയയുടെ ഉള്ളിലെ കുഞ്ഞുകലാകാരി കരഞ്ഞു. മകൾക്ക് അണിയാനുള്ള വേഷം വാങ്ങാൻ പശുവിനെ വിൽക്കാതെ കുമാരന് മറ്റു മാർഗമില്ലായിരുന്നു.
കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി ഓട്ടൻതുള്ളലിൽ വിജയിച്ച, തൃശൂർ വരന്തരപ്പള്ളി സി.ജെ.എം അസംപ്ഷൻ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയയുടെ വീട്ടിലെ അവസ്ഥ പത്രങ്ങൾ വാർത്തയാക്കിയിരുന്നു. സമ്മാനവിതരണവേദിയിൽ പത്രങ്ങൾ കണ്ട മന്ത്രി ജെ. ചിഞ്ചുറാണി കൃഷ്ണപ്രിയയുടെ വീട്ടിൽ പശുവിനെ നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് തിരക്കുകളും പെരുമാറ്റച്ചട്ടങ്ങളും മൂലം പശുവിനെ നൽകാനായില്ല. ഇന്നലെ തൃശൂർ വെറ്ററിനറി കോളജ് ഫാം പരിസരത്ത് നടന്ന ചടങ്ങിൽ വരന്തരപ്പള്ളി സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും ഫാം തൊഴിലാളികളെയും സാക്ഷി നിർത്തി കൃഷ്ണപ്രിയയുടെ അച്ഛൻ കുമാരന് മന്ത്രി ജെ. ചിഞ്ചുറാണി കിടാരിയെ നൽകി. ഒപ്പം 100 കിലോ തീറ്റയും ധാതുലവണ മിശ്രിത പാക്കറ്റും കൃഷ്ണപ്രിയക്ക് അനിമൽ പാസ്പോർട്ടും നൽകി. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു.
വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ, അക്കാദമിക് ഡയറക്ടർ ഡോ. ലത, ഫാം ഡയറക്ടർ ഡോ. ശ്യാം മോഹൻ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.ബി. ജിതേന്ദ്രകുമാർ, കൊല്ലം ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഡി. ഷൈൻകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷിബു എ.വി, രജിസ്ട്രാർ ഡോ. പി. സുധീർ ബാബു, വിജ്ഞാനവ്യാപന വിഭാഗം ഡയറക്ടർ ടി.എസ്. രാജീവ്, സ്കൂൾ ഹെഡ്മാസ്റ്റർമാരായ ജോഫി, ജോവൽ, പി.ടി.എ പ്രസിഡന്റ് ജോസ് എന്നിവർ സംസാരിച്ചു. കൃഷ്ണപ്രിയ ഇത്തവണ പത്താം ക്ലാസിൽ മുഴുവൻ എ പ്ലസും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.