മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണം; പൊലീസ് അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണം പൊലീസ് അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരും. അതുവരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ ചെയ്യാത്ത കുറ്റം തനിക്കെതിരെ ഉന്നയിച്ചത് സംബന്ധിച്ചും അതിന് പിന്നിൽ പ്രവർത്തിച്ചവരെ സംബന്ധിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അഖിൽ മാത്യുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്‍റോൺമെന്‍റ് പൊലീസ് ഇതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്.
നിപയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോഴാണ് ഇത്തരമൊരു പരാതി ലഭിക്കുന്നത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വസ്തുത കണ്ടെത്തും. അതുവരെ കാത്തിരിക്കാം -മുഖ്യമന്ത്രി പറഞ്ഞു.
മകന്‍റെ ഭാര്യക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അഖിൽ മാത്യു പണം വാങ്ങിയെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി ഹരിദാസാണ് പരാതി നൽകിയത്. താത്കാലിക നിയമനത്തിന് അഞ്ചുലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയതായും പരാതിയില്‍ പറയുന്നു. പൊലീസ് ഇദ്ദേഹത്തിന്‍റെ മൊഴിയെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.