എ.ഐ കാമറ ആരോപണങ്ങൾക്ക് മന്ത്രിയുടെ മറുപടി; ‘‘ഒന്നും ചെലവായില്ല, സർക്കാറിന് 25 കോടി ഇങ്ങോട്ട് കിട്ടി’’
text_fieldsതിരുവനന്തപുരം: എ.ഐ കാമറ പദ്ധതിയിൽ സർക്കാറിന് ഇതുവരെ പണമൊന്നും ചെലവായിട്ടില്ലെന്നും എന്നാൽ 25 കോടി ജി.എസ്.ടി ഇനത്തിലും സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിലും സർക്കാറിന് ലഭിച്ചുവെന്നും മന്ത്രി പി.രാജീവ്. എല്ലാ രേഖകളും അതത് സമയം ടെൻഡർ പോർട്ടലിൽ ചേർത്തിരുന്നു.നിർമിച്ച് പ്രവർത്തിപ്പിച്ച് കൈമാറുന്ന ബൂട്ട് (ബി.ഒ.ഒ.ടി) വ്യവസ്ഥയിലാണ് ആദ്യം പദ്ധതി വിഭാവം ചെയ്തിരുന്നത്. ഇത് മാറാനും കാരണമുണ്ട്. കെൽട്രോൺ ആണ് നിയമലംഘനങ്ങൾക്ക് നോട്ടീസ് അയക്കുന്നത്.
ബൂട്ട് പ്രകാരമാണെങ്കിൽ പിഴയും കെൽട്രോൺ വാങ്ങണം. നിലവിലെ നിയമത്തിൽ കെൽട്രോണിന് പിഴ വാങ്ങാൻ പറ്റില്ല. സർക്കാറിന് മാത്രമേ പിഴ ഈടാക്കാൻ കഴിയൂ. കെൽട്രോണിന് തന്നെ പിഴ ഇൗടാക്കാൻ കഴിയുമെങ്കിൽ ബൂട്ട് വ്യവസ്ഥയിൽ നടപ്പാക്കാമായിരുന്നു. ഇതിന് സാധിക്കാത്തത് കൊണ്ടാണ് ആന്യൂറ്റി വ്യവസ്ഥയിലേക്ക് മാറിയതെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം മറ്റ് ആരോപണങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി.
അൽഹിന്ദിന്റെ കത്തും കെൽട്രോണിന്റെ മറുപടിയും
പദ്ധതിയിൽ ആദ്യം സഹകരിക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത അൽഹിന്ദ് സർക്കാറിന് കത്ത് നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. തങ്ങൾക്ക് ഇന്ന കമ്പനിയുമായി (എസ്.ആർ.ഐ.ടി) ധാരണയുണ്ടെന്നും എന്നാൽ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത തർക്കമുണ്ടെന്നും തങ്ങൾ കരാറിൽ നിന്ന് പിന്മാറുന്നുവെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. തങ്ങൾ സെക്യൂരിറ്റി ഡെപ്പോസിറ്റായി മൂന്ന് കോടി നൽകിയിട്ടുണ്ടെന്നും ഇത് തിരികെ കിട്ടാൻ ഇടപെടണമെന്നും കത്തിൽ ആവശ്യമുണ്ടായിരുന്നു.
വ്യവസായവകുപ്പ് ഉടൻ ഈ കത്ത് കെൽട്രോണിന് കൈമാറി. കെൽട്രോണും ഈ കമ്പനിയുമായി ബന്ധമില്ലെന്നായിരുന്നു കെൽട്രോണിന്റെ മറുപടി. സർക്കാറിന് ഡെപ്പോസിറ്റ് നൽകിയത് കരാർ നൽകിയ കമ്പനി(എസ്.ആർ.ഐ.ടി)യാണ്. ഇവർ ആവശ്യപ്പെട്ടാലും പണം നൽകാൻ കഴിയില്ല. കാരണം കരാർ പ്രകാരം സെക്യൂരിറ്റി ഡെപ്പോസിറ്റ് അഞ്ച് വർഷം കഴിഞ്ഞിട്ട് തിരികെ നൽകിയാൽ മതി.
ഇക്കാര്യങ്ങളിലെല്ലാം രേഖാമൂലം മറുപടി അൽഹിന്ദിന് കൊടുത്തു. മറുപടി കിട്ടിയാൽ മറുപടി തൃപ്തികരമല്ലെന്നും ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും അവർ പറയേണ്ടിയിരുന്നു. ഇപ്പോഴത്തെ വിവാദങ്ങൾ ഉണ്ടാകും വരെ അവർ ഒന്നും പറഞ്ഞിരുന്നില്ല.
അക്ഷരക്ക് പ്രവൃത്തിപരിചയമുണ്ടോ?
പദ്ധതിയിൽ പ്രവർത്തിച്ച അക്ഷര എന്റർപ്രൈസസിന് കരാറിൽ പങ്കെടുക്കാൻ യോഗ്യതയുണ്ട്. 2010ൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് അക്ഷര. പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി 2017ൽ ‘അക്ഷര എന്റർപ്രൈസസ് എന്ന പേരിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കമ്പനീസ് ഓഫ് രജിസ്ട്രാർ നൽകിയ രേഖ ടെൻഡർ ഡോക്യുമെന്റിനൊപ്പം നൽകിയിട്ടുണ്ട്.
-തെറ്റല്ല, സാങ്കേതിക നടപടിക്രമം
ധനവകുപ്പ് പലകാര്യങ്ങളിലും പൊതുവായ ചില മാനദണ്ഡങ്ങൾ വെക്കും. എന്നാൽ പദ്ധതിയുടെ സ്വഭാവ സവിശേഷത പരിഗണിച്ചാണ് ധനവകുപ്പ് നിർദേശങ്ങൾക്ക് വ്യത്യസ്തമായി മാറ്റം വരുത്തലിന് അനുമതി നൽകിയത്. ഇത് തെറ്റല്ല, സാങ്കേതികമായ നടപടിക്രമങ്ങളാണ്. സെക്രേട്ടറിയറ്റ് മാനുവൽ പ്രകാരം ഇത്തരമൊന്ന് ഭരണാനുമതി നൽകിയുള്ള ഉത്തരവിൽ വരാൻ പാടില്ലായിരുന്നു. ആദ്യ എ.എസ് ഇറങ്ങിയെങ്കിൽ ഈ പ്രശ്നമുണ്ടാകുമായിരുന്നില്ല.
‘80 കോടിക്ക് തീരേണ്ടത് എങ്ങനെ 235 കോടിയായി’
കെൽട്രോണിനെ ഏൽപ്പിച്ചത് ഉപകരാർ നൽകിയതുവഴി സ്വകാര്യവത്കരണമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ‘നിങ്ങൾ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരം സംശയങ്ങളെന്നായിരുന്നു’ മന്ത്രിയുടെ മറുപടി. വിഷയം പഠിക്കാത്തത് കൊണ്ടാണ് ഇത്. കരാറും ഉപകരാറും രണ്ടും രണ്ടാണ്.
80 കോടിക്ക് തീരേണ്ട പദ്ധതി 235 കോടിയായി ഉയർന്നത് എങ്ങനെയെന്ന ചോദ്യത്തോട് ‘‘80 കോടിക്ക് തീരേണ്ട പദ്ധതി 235 കോടിയായത് എങ്ങനെ എന്ന് ഒന്ന് പറഞ്ഞുതാ’’ എന്നായിരുന്നു പ്രതികരണം. യു.ഡി.എഫ് കാലത്ത് 43 കോടിക്ക് 100 കാമറകൾ സ്ഥാപിക്കാൻ കെൽട്രോണിന് കാമറ കരാർ കൊടുത്തുവെന്നും കെൽട്രോൺ ടെൻഡർ പോലും വിളിക്കാതെ നേരെ പർേച്ചസ് ഓർഡർ കൊടുക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.