മന്ത്രിയെ തിരുത്തി സി.ഐ.ടി.യു; ‘കൈയടിച്ച് പാസാക്കിയിട്ടില്ല’
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളെ സി.ഐ.ടി.യു കൈയടിച്ച് പാസാക്കിയെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ വാദം തള്ളി സി.ഐ.ടി.യു. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 23ന് ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മേയ് രണ്ടു മുതൽ പ്രഖ്യാപിച്ച സമരം സി.ഐ.ടി.യു തൽക്കാലത്തേക്ക് മാറ്റിവെച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
മന്ത്രിയുടെ വാശി ജനാധിപത്യവിരുദ്ധം -ഡ്രൈവിങ് സ്കൂൾ ഉടമകൾ
കൊച്ചി: അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയുള്ള ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം അംഗീകരിക്കാനാകില്ലന്ന് സ്കൂൾ ഉടമകൾ. ഇക്കാര്യത്തിൽ വകുപ്പ് മന്ത്രിയുടെ വാശി ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ലെന്ന് സംഘടന ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ കുത്തകകൾക്ക് ഡ്രൈവിങ് പരിശീലന മേഖല തീറെഴുതാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി പ്രവർത്തിക്കുന്ന ലോബിയുടെ ആളെപ്പോലെയാണ് മന്ത്രിയുടെ പ്രവർത്തനം. 13ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സംയുക്ത സമര സമിതി സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. വാർത്തസമ്മേളനത്തിൽ ജയശങ്കർ വിളക്കപ്പിള്ളി, ഹരിസൂൺ നായർ (ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി), നാസർ ഉസ്മാൻ (ഡി.എസ്.ഒ.കെ), വേണു മേലൂട്ട് (ബി.എം.എസ്), ഷുക്കൂർ ബാബു, ശിവപ്രസാദ് (എ.കെ.എം.ഡി.എസ്) എന്നിവർ പങ്കെടുത്തു.
മൂന്നാം ദിവസവും ടെസ്റ്റ് മുടങ്ങി
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും സമരം കടുപ്പിച്ചതോടെ മൂന്നാം ദിവസവും സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ സ്തംഭിച്ചു. സമരക്കാർക്ക് മുന്നിൽ വഴങ്ങേണ്ടതില്ലെന്നും ചൊവ്വാഴ്ച മുതൽ പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് നടത്താനുമാണ് മോട്ടോർ വാഹനവകുപ്പ് തീരുമാനം. ഒരു അപേക്ഷകനെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥർക്ക് ഗതാഗത കമീഷണറേറ്റ് നിർദേശം നൽകി.
ഒത്തുതീർപ്പ് ഉത്തരവിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും പരിഷ്കരണ സർക്കുലർ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചും ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി, ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ അടക്കം സംഘടനകൾ പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ, സമരക്കാർ പ്രശ്നമായി ചൂണ്ടിക്കാട്ടുന്ന സർക്കുലറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് മൂന്നു മുതൽ ആറു മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും നിലവിലെ രീതിയിലാണ് ടെസ്റ്റ് നടത്തുന്നതെന്നുമാണ് ഗതാഗത കമീഷണറേറ്റിന്റെ നിലപാട്. ഇപ്പോൾ ആദ്യം നടക്കുന്ന ‘H’ എടുക്കൽ രണ്ടാമതും രണ്ടാമതുള്ള റോഡ് ടെസ്റ്റ് ആദ്യവുമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ടെസ്റ്റിനെത്തുന്നവർ രണ്ടിനും തയാറായാണ് വരുകയെന്നതിനാൽ സമരം അനാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ടെസ്റ്റുകളുടെ എണ്ണം 40 ആയി ചുരുക്കിയതടക്കം കാരണങ്ങളാണ് ഉടമകളുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. റോഡ് ടെസ്റ്റ് ആദ്യമാക്കുന്നത് മാനദണ്ഡങ്ങൾ കർക്കശമാക്കി പരാജയപ്പെടുന്നവരുടെ എണ്ണം കൂട്ടും. പുതിയ ഉത്തരവിലൂടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ് നൽകിയെന്നാണ് വ്യാഖ്യാനമെങ്കിലും ഇളവല്ല, അൽപം സമയമനുവദിക്കൽ മാത്രമാണുണ്ടായത്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ മാറ്റാൻ ആറു മാസം സാവകാശമാണ് നൽകിയത്. 15 വർഷം കഴിഞ്ഞ മറ്റു വാഹനങ്ങൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി ഫിറ്റ്നസ് നേടി റോഡിൽ ഓടാൻ അനുവാദമുണ്ടെങ്കിൽ ഇതേ വ്യവസ്ഥകൾ തങ്ങൾക്കും ബാധകമാക്കണമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
സി.ഐ.ടി.യു സമരം തൽക്കാലത്തേക്ക് മാറ്റിവെച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും പണിമുടക്കുന്നവരോട് അനുകൂല സമീപനമാണ് തിങ്കളാഴ്ച സ്വീകരിച്ചത്. ബലം പ്രയോഗിച്ച് ടെസ്റ്റ് നടത്തിക്കാനും മുതിർന്നില്ല. ചിലയിടങ്ങളിൽ സി.ഐ.ടി.യുതന്നെ സമരത്തിൽ പങ്കെടുക്കുന്ന സ്ഥിതിയുമുണ്ടായി. ഉടമകളും തൊഴിലാളികളും ടെസ്റ്റിൽനിന്ന് പിന്മാറുകയും ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമുണ്ടാവുകയും ചെയ്തതോടെയാണ് തിങ്കളാഴ്ചയിലെ ഡ്രൈവിങ് പരീക്ഷ താളം തെറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.