ഇറച്ചിക്കോഴികളിലെ ഹോർമോൺ: മന്ത്രിയുടേത് നിരുത്തരവാദ പ്രസ്താവന -പൗൾട്രി ഫാർമേഴ്സ് സമിതി
text_fieldsതൃശൂർ: മന്ത്രി ചിഞ്ചുറാണിക്കെതിരേ സി.പി.എം നിയന്ത്രണത്തിലുള്ള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി. മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവനമൂലം 40 കോടിയുടെ നഷ്ടം സംഭവിച്ചുവെന്ന് സമിതി ഭാരവാഹികൾ ആരോപിച്ചു. ‘കേരള ചിക്കന്‍റെ’ കോഴികളില്‍ ഹോര്‍മോണില്ലെന്ന പ്രസ്താവന മറ്റുള്ളവർ വിൽക്കുന്ന കോഴികളിൽ ഹോർമോണുണ്ടെന്ന വിധത്തിലുള്ളതാണ്. നേരത്തെയും ഉയർന്ന സമാന ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുകയും 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതുമാണ്. ഇതുവരെ ആരും അതിന് തയാറായിട്ടില്ല.
സർക്കാറിന്റെ ലാബുകളിൽ ഇടക്കിടെ നടത്തിയ പരിശോധനയിലും ഹോർമോൺ കുത്തിവെയ്പ് കണ്ടെത്താനായില്ല. വിഷയത്തിൽ മന്ത്രി പ്രസ്താവന നടത്തിയത് പഠിക്കാതെയാണെന്നും കള്ള പ്രചാരണത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വിമർശിച്ച സമിതി ഭാരവാഹികൾ, മന്ത്രിയെ ഹോര്‍മോണ്‍ ചലഞ്ചിന് വെല്ലുവിളിക്കുകയാണെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്ന പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയുമുണ്ടാക്കുന്നു.
മന്ത്രിയുടെ തെറ്റായ നിഗമനങ്ങളും പ്രസ്താവനയും ഈ മേഖലയെ തകര്‍ക്കാന്‍ ഇടയാക്കും. കേരളത്തിലെ ഇറച്ചിക്കോഴി വ്യവസായം തകര്‍ക്കാനുള്ള ചരടുവലികളാണ് ഇതിന് പിന്നിലെന്ന് സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി ആരോപിച്ചു. ഇറച്ചിക്കോഴി വളര്‍ത്തലിനെ കൃഷിയുടേയോ വ്യവസായത്തിന്‍റെയോ ഭാഗമായി പരിഗണിക്കുന്നുമില്ല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം. മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ മന്ത്രി തയാറാകുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി.എസ്. പ്രമോദ്, പി.ടി. ഡേവീസ്, ഷിബു മാത്യു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.