എൽ.ഡി.എഫിന് മനംമാറ്റം; പ്രചാരണത്തിന് മന്ത്രിമാർ കൂട്ടമായി പുതുപ്പള്ളിയിലേക്ക്
text_fieldsകോട്ടയം: പ്രചാരണത്തിൽനിന്നുള്ള മന്ത്രിമാരുടെ വിട്ടുനിൽക്കൽ പുതുപ്പള്ളിയിൽ യു.ഡി.എഫ് ചർച്ചയാക്കുന്നതിനിടെ, എൽ.ഡി.എഫിന് മനംമാറ്റം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്ത്രിമാർ കൂട്ടത്തോടെ മണ്ഡലത്തിലേക്കെത്തുന്നു. തൃക്കാക്കര മാതൃകയിൽ മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ചുള്ള പ്രചാരണം വേണ്ടെന്നായിരുന്നു സി.പി.എമ്മിന്റെ ആദ്യ തീരുമാനം.
ഇതിനെതിരെ യു.ഡി.എഫ് വലിയ പ്രചാരണമാണ് നടത്തിയത്. തോൽവി ഉറപ്പായതിനാലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്താത്തതെന്ന വാദം യു.ഡി.എഫ് ഉയർത്തി. മന്ത്രിമാര്‍ പുതുപ്പള്ളിയിലെത്തിയാല്‍ ജനം ഉയര്‍ത്തുന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരുമെന്നതിനാല്‍ പേടിച്ച് ഒളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ആരോപിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഏഴു മന്ത്രിമാരും പുതുപ്പള്ളിയിലേക്ക് വരുന്നത്.
വൈകാരികതയെ പിന്നിലാക്കി പ്രചാരണരംഗത്ത് വികസനം ചര്‍ച്ചയാക്കാൻ കഴിഞ്ഞുവെന്ന സി.പി.എം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽകൂടിയാണ് മന്ത്രിമാരെ അടക്കം അണിനിരത്തി പ്രചാരണം ശക്തമാക്കാനുള്ള തീരുമാനം.
മുഖ്യമന്ത്രിയും കൂടുതൽ ദിവസം മണ്ഡലത്തലുണ്ടാകും. മുഖ്യമന്ത്രിക്ക് നേരത്തേ ഈമാസം 24ന് മാത്രമായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനമനുസരിച്ച് ഈമാസം 30നും സെപ്റ്റംബര്‍ ഒന്നിനും അദ്ദേഹം പുതുപ്പള്ളിയിലെത്തും. എട്ടു പഞ്ചായത്തിലും മുഖ്യമന്ത്രി പ്രസംഗിക്കും. വികസനം ചർച്ചയാക്കാൻ ലക്ഷ്യമിട്ട് ഈമാസം 23, 25, 26 തീയതികളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന വികസന സദസ്സ് നടത്തും. അടുത്തഘട്ടമായി മറ്റ് മന്ത്രിമാരും പുതുപ്പള്ളിയിലെത്തും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഒരാഴ്ച പിന്നിടുമ്പോള്‍ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായതായാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുള്ള വൈകാരികതയും അദ്ദേഹത്തെ കേന്ദ്രീകരിച്ച ചര്‍ച്ചകളുമായിരുന്നു ആദ്യഘട്ടത്തില്‍. ഇതിൽനിന്ന് രാഷ്ട്രീയ വിഷയങ്ങളിലേക്കും വികസന പ്രശ്നങ്ങളിലേക്കും ചർച്ച എത്തിക്കാനുള്ള ശ്രമം വിജയംകണ്ടതായി പാർട്ടി നേതാക്കൾ പറയുന്നു. പുതുപ്പള്ളിയിലെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കുന്നത് തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വികസന സദസ്സുകൾക്കുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.