‘മിന്നൽ’ ബസ് ഡ്രൈവർക്കെതിരെ കേസ്
text_fieldsപയ്യോളി: അർധരാത്രി ബസിൽ തനിച്ച് യാത്രചെയ്ത എൻട്രൻസ് കോച്ചിങ് വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കാത്ത കെ.എസ്.ആർ.ടി.സി ‘മിന്നൽ’ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമം 132 (1), 117 വകുപ്പുകൾ ചേർത്താണ് പയ്യോളി പൊലീസ് കേസെടുത്തത്. പൊലീസ് കൈകാണിച്ചിട്ടും നിർത്താെത പോയതിനാണ് ‘മിന്നൽ’ ൈഡ്രവർ എറണാകുളം മടക്കത്താനം തോട്ടുമ്മൽ പീടികയിൽ നൗഷാദിനെതിരെ (44) കേസെടുത്തത്.
പെൺകുട്ടിയുടെ പിതാവ് ജീവനക്കാർക്കെതിരെ സംഭവദിവസം രാത്രി ചോമ്പാൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ചോമ്പാൽ എസ്.െഎ പി.കെ. ജിതേഷ്കുമാർ ഡ്രൈവറോടും കണ്ടക്ടറോടും സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ഹാജരാകാത്തതിനാൽ പൊലീസിന് മൊഴിയെടുക്കാനോ കേസെടുക്കാനോ കഴിഞ്ഞിരുന്നില്ല. അതേസമയം, ഡ്രൈവറും കണ്ടക്ടറും വ്യാഴാഴ്ച സ്റ്റേഷനിൽ ഹാജരാവുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതരിൽനിന്ന് വിവരം ലഭിച്ചതായി ചോമ്പാൽ പൊലീസ് പറഞ്ഞു. അർധരാത്രിയിൽ പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാത്ത സംഭവത്തിൽ കെ.എസ്.ആർ.ടി.സി എം.ഡി ഹേമചന്ദ്രൻ വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ജീവനക്കാരുടെ നടപടിയെ ന്യായീകരിച്ച് ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും രംഗത്തെത്തി.
ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി ഒാപറേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരെന്ന് അറിയുന്നു. ‘മിന്നലി’ന് രാത്രി 11 മണിക്കുശേഷം യാത്രക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് പ്രത്യേക സ്റ്റോപ് നൽകേണ്ടതില്ലെന്ന് നേരേത്ത തീരുമാനിച്ചിരുന്നതാണെന്നാണ് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.