കുട്ടി സ്കൂട്ടർ ഓടിച്ചു, വാഹന ഉടമയായ അമ്മക്ക് 25,000 രൂപ പിഴയിട്ട് കോടതി
text_fieldsതൃശൂർ: പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമയായ അമ്മക്ക് 25,000 രൂപ പിഴയിട്ട് കോടതി. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെയാണ് ശിക്ഷ.
ജനുവരി 20നാണ് മൂന്നു പേരുമായി കുട്ടി സ്കൂട്ടര്‍ ഓടിച്ചത്. പിന്നിലിരുന്ന രണ്ടുപേർ ഹെൽമറ്റ് ധരിച്ചിട്ടുമുണ്ടായിരുന്നില്ല. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിൽ മാതാപിതാക്കളെ പ്രതിയാക്കി മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരുന്നു.
വാഹനം അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തതിനാലാണ് കോടതി അമ്മക്ക് പിഴയിട്ടത്. 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണം.
മറ്റൊരു സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ സഹോദരന് 34,000 രൂപ പിഴയും ഒരുദിവസത്തെ വെറും തടവും കോടതി ശിക്ഷവിധിച്ചു. വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെ സെഷൻ 180 പ്രകാരം 5000 രൂപയും 199 എ പ്രകാരം 25,000 രൂപ പിഴയും കോടതി സമയം തീരുന്നതുവരെ ഒരുദിവസം വെറും തടവുമാണ് വിധിച്ചത്. റോഷന്റെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹനത്തിന്റെ ആർ.സി ഒരുവർഷത്തേക്കും സസ്പെൻഡ് ചെയ്യാനും ഉത്തരവായി.
വാഹനത്തിന് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തതിനാൽ 2000 രൂപയും ഇൻഡിക്കേറ്റർ, മിറർ എന്നിവ ഘടിപ്പിക്കാത്തതിനാൽ 1000 രൂപയും അനുബന്ധ സുരക്ഷ ഉപകരണങ്ങൾ ഘടിപ്പിക്കാത്തതിന് 1000 രൂപയും അടക്കമാണ് പിഴ. സ്പെഷൽ കോടതി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജഡ്ജി കെ.വി. നൈനയാണ് ഉത്തരവിട്ടത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ ആലുവ ഭാഗത്തുനിന്ന് ഏപ്രിലിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.