മലബാറിൽ ന്യൂനപക്ഷ വിദ്യാഭ്യാസ അക്കാദമി സ്ഥാപിക്കും
text_fieldsമലപ്പുറം: മലബാറിൽ ന്യൂനപക്ഷ കമീഷന് കീഴിൽ ന്യൂനപക്ഷ വിദ്യഭ്യാസ അക്കാദമി സ്ഥാപിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ്. 20 കോടി രൂപയുടെ പദ്ധതി ആസുത്രണ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് പരിഗണനയിൽ. മന്ത്രിതല യോഗം ചേർന്ന് ഇതിന്റെ സമഗ്ര റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. കമീഷന്റെ അധികാരങ്ങളെയും ചുമതലയെയും കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവബോധം നൽകുന്നതിനായി ജില്ലകൾ തോറും നടത്തുന്ന സെമിനാറിന്റെ സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കാൻ മലപ്പുറത്തെത്തിയ കമീഷൻ ചെയർമാൻ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
കാലിക്കറ്റ് സർവകലാശാല, അലീഗഢ് സർവകലാശാല മലപ്പുറം സെന്റർ, കോഴിക്കോട് മെഡി. കോളജിനടുത്ത ഐ.എം.ജി കാമ്പസുകളിലേതെങ്കിലും ഒരിടത്താണ് ആദ്യ പദ്ധതി നടപ്പാക്കുക. വിദേശത്ത് സാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ, പാരാമെഡിക്കൽ കോഴ്സുകൾ, വിദേശഭാഷ പരിശീലനം, ഐ.ഇ.എൽ.ടി.എസ് എന്നിവ അക്കാദമിയിൽ നടത്തും. നിലവിലുള്ള മൈനോറിറ്റി കോച്ചിങ് സെന്ററുകളെ ഈ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്യും. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ അംഗീകാരമുള്ള കോഴ്സുകൾ നൽകുകയാണ് ലക്ഷ്യം.
മൂന്ന് മാസമായിട്ടേയുള്ളൂ പുതിയ കമീഷൻ ചുമതലയേറ്റിട്ട്. താഴെ തട്ടിലേക്ക് കമീഷന്റെ സേവനങ്ങൾ എത്തിക്കുന്നതിന് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
കേരളത്തിൽ വളരെ ന്യൂനപക്ഷമായ ബുദ്ധ, ജൈന, പാഴ്സി, സിഖ് വിഭാഗങ്ങളുടെ യോഗം എറണാകുളത്ത് വിളിച്ചുചേർക്കും. ഈ വിഭാഗങ്ങളിലെ മൂവായിരത്തോളം പേർ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. അവരുടെ പ്രതിനിധികളുടെ യോഗം ചേർന്ന് സർക്കാറിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുമെന്നും അഡ്വ. എ.എ. റഷീദ് പറഞ്ഞു.
‘വിദ്യാഭ്യാസ വായ്പ: മാർക്ക് പരിശോധിക്കാൻ ബാങ്കുകൾക്ക് അധികാരമില്ല’
മലപ്പുറം: പ്രഫഷനൽ കോഴ്സുകൾക്ക് അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ വിദ്യാഭ്യാസ വായ്പക്ക് സമീപിക്കുമ്പോൾ ബാങ്ക് മാനേജർമാർ വിദ്യാർഥികളുടെ മാർക്ക് പരിശോധിച്ച് ലോൺ നിഷേധിക്കാൻ പാടില്ലെന്നും ഇത്തരം പരാതികൾ ലഭിച്ചാൽ ന്യൂനപക്ഷ കമീഷൻ ഇടപെടുമെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് പറഞ്ഞു. കണ്ണൂരിൽ സമാനമായ പരാതിയിൽ ഇടപെട്ട് വിദ്യാർഥിക്ക് ലോൺ ലഭ്യമാക്കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച ഉത്തരവ് ബാങ്ക് കൺസോർട്യത്തിന് അയച്ചിട്ടുണ്ട്. ബാങ്കുകളുടെ ഇത്തരം നടപടിമൂലം പല വിദ്യാർഥികളും ബ്ലേഡ് പലിശക്ക് ലോൺ എടുക്കാൻ നിർബന്ധിതരാവുകയാണ്. പട്ടയം കിട്ടാത്തത്, പൊലീസ് അക്രമം, വിദ്യാർഥികൾക്ക് ലോൺ ലഭിക്കാത്തത് തുടങ്ങി 330 കേസുകളാണ് കമീഷൻ ചുമതലയേൽക്കുമ്പോൾ ഉണ്ടായിരുന്നത്. ഇതിൽ 49 എണ്ണത്തിൽ തീർപ്പുകൽപിച്ചു. പരാതി ലഭിച്ചാൽ ഫയലുകൾ പരിശോധിക്കാൻ മാത്രമല്ല, ആവശ്യമെങ്കിൽ ബന്ധപ്പെട്ട സർക്കാർ-സ്വകാര്യ ഓഫിസുകളിൽ കയറി പരിശോധന നടത്താനും കമീഷന് അധികാരമുണ്ടെന്നും അഡ്വ. എ.എ. റഷീദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.